വെഞ്ഞാറമൂട് കൂട്ടക്കൊല: കാരണം വ്യക്തമായിട്ടില്ലെന്ന് ഐജി
Wednesday, February 26, 2025 1:26 AM IST
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്ക േസില് നിലവിൽ ഒന്നും പറയാറായിട്ടില്ലെന്ന് ഐജി ശ്യാം സുന്ദർ. എന്താണ് കൊലപാതകത്തിന്റെ കാരണം എന്നു നിലവിൽ പറയാൻ ആകില്ലെന്നും അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
ലഹരി ഉപയോഗം നടന്നിട്ടുണ്ടോ എന്നറിയണമെങ്കിൽ പരിശോധനാഫലം വരണമെന്ന് അദ്ദേഹം അറിയിച്ചു. നിലവിൽ പ്രതി ആശുപത്രിയിലായതിനാൽ കൂടുതൽ ചോദ്യം ചെയ്യാൻ ആയിട്ടില്ലെന്നും ഐജി വ്യക്തമാക്കി.
അതേസമയം, പ്രതി അഫാൻ ഇതിനു മുമ്പും വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചിരുന്നു എന്നാണു വിവരം. അന്നും എലിവിഷം തന്നെയാണു കഴിച്ചത് എന്നാണ് നാട്ടുകാര് പറയുന്നത്. ഫോണ് വാങ്ങി നല്കാത്തതാണ് അന്നത്തെ കാരണം. അന്ന് അഫാനെ അടുത്തുള്ള ആശുപത്രിയില് കൊണ്ടുപോയി ചികിത്സ തേടിയെന്നും പറയുന്നു.
മൃതദേഹങ്ങൾ സംസ്കരിച്ചു
വെഞ്ഞാറമൂട്: ഇരുപത്തിമൂന്നുകാരൻ അഫാൻ നടത്തിയ കൂട്ടക്കൊലയിൽ ജീവൻ പൊലിഞ്ഞവർക്കു വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കണ്ണീരോടെ വിട നൽകി നാട്. കൊല്ലപ്പെട്ട അഞ്ച് പേരുടെയും സംസ്കാര ചടങ്ങുകൾ വൈകുന്നേരം 6.45 ഓടെ പൂർത്തിയായി.
പ്രതി അഫാന്റെ സഹോദരൻ അഫ്സാൻ (13), പിതാവിന്റെ സഹോദരൻ പുല്ലമ്പാറ എസ്എൻ പുരം ആലമുക്കിൽ ലത്തീഫ് (69), ഭാര്യ സജിതാ ബീവി (59), പിതാവിന്റെ ഉമ്മ പാങ്ങോട് സ്വദേശിനി സൽമാ ബീവി (92) എന്നിവരുടെ സംസ്കാരം താഴേപാങ്ങോട് ജുമാ മസ്ജിദിലാണ് നടന്നത്.
അഫാന്റെ സുഹൃത്ത് വെഞ്ഞാറമൂട് മുക്കുന്നൂർ സ്വദേശി ഫർസാന(19)യുടെ സംസ്കാരം പിതാവിന്റെ സ്ഥലമായ ചിറയിൻകീഴ് കാട്ടുമുറാക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിലും നടന്നു.