സിഡിപിഐ ദേശീയ അസംബ്ലിക്കു തുടക്കമായി
Wednesday, February 26, 2025 1:26 AM IST
കോട്ടയം: ഏഷ്യയിലെ ഏറ്റവും വലിയ ബിഷപ്സ് കോണ്‍ഫറന്‍സായ സിസിബിഐയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന രൂപതാ വൈദികരുടെ കൂട്ടായ്മ സിഡിപിഐ (കോണ്‍ഫറന്‍സ് ഓഫ് ഡയോസിഷ്യന്‍ പ്രീസ്റ്റ്സ് ഓഫ് ഇന്ത്യ) യുടെ 21-ാമതു ദേശീയ സമ്മേളനത്തിന് കോട്ടയം വിമലഗിരി പാസ്റ്ററല്‍ സെന്ററില്‍ തുടക്കമായി.
ത്രിദിന അസംബ്ലി കേരള ലത്തീന്‍ മെത്രാന് സമിതിയുടെയും കേരള റീജന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെയും പ്രസിഡന്റും സിഡിപിഐ രക്ഷാധികാരിയുമായ കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.
ഫ്രാന്‍സിസ് പാപ്പായെ ഉദ്ധരിച്ചു മാതൃക നല്കി മുന്നില്‍ നിന്നു നയിക്കുന്ന ആടുകളുടെ മണമുള്ള ഇടയനടുത്ത നേതൃത്വം നല്‍കേണ്ടവരാണ് വൈദികരെന്ന് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ഓര്‍മപ്പെടുത്തി.
ദേശീയ പ്രസിഡന്റ് ഫാ. റോയി ലാസര്‍ അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ ഭാരതത്തിലെ 132 ലത്തീന്‍ രൂപതകളില്‍നിന്നുള്ള 150 പ്രതിനിധികള്‍ സംബന്ധിക്കുന്നുണ്ട്. വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ സഹായമെത്രാന്‍ ഡോ. ജസ്റ്റിന് മഠത്തില്‍പ്പറമ്പില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
‘രൂപത വൈദികര്‍ പ്രത്യാശയുടെ ദീപസ്തംഭങ്ങള്‍’ എന്നതാണ് അസംബ്ലിയുടെ മുഖ്യപ്രമേയം. ആലപ്പുഴ വികാരി ജനറാള്‍ മോണ്‍. ജോയി പുത്തന്‍വീട്ടില്‍ മുഖ്യപ്രഭാഷണം നടത്തി.
സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. സ്റ്റീഫന്‍ ആലത്തറ, ദേശീയ സെക്രട്ടറി ഫാ. ചാള്‍സ് ലിയോണ്‍, ട്രഷറര്‍ ഫാ. കനുജ് റോയ്, റീജണല്‍ പ്രസിഡന്റ് ഫാ. സ്റ്റീഫന്‍ തോമസ്, സെക്രട്ടറി ഫാ. മരിയ മൈക്കിള്‍, ഫാ. ഹിലാരി തെക്കേക്കൂറ്റ് എന്നിവര്‍ പ്രസംഗിച്ചു.
വൈകുന്നേരം തീര്‍ഥാടന കേന്ദ്രമായ നാഗമ്പടം സെന്റ് ആന്റണീസ് പള്ളിയില്‍ 150 വൈദികരുടെ സഹകാര്മികത്വത്തില് നടന്ന സമൂഹ ദിവ്യബലിക്ക് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തി.
രാത്രി ‘ഫേസ് ഓഫ് ദി ഫെയ്സ്ലെസ്’ എന്ന സിനിമാ പ്രദര്‍ശനത്തോടെ ഒന്നാം ദിനം പരിപാടികള്‍ സമാപിച്ചു. രണ്ടാം ദിനമായ ഇന്നു രാവിലെ ഏഴിന് വിമലഗിരി കത്തീഡ്രലില്‍ നടക്കുന്ന സമൂഹ ദിവ്യബലിയോടെ തുടക്കമാവും. സമ്മേളനം നാളെ സമാപിക്കും.