ആദ്യം കൊലപ്പെടുത്തിയത് മുത്തശിയെ, ഒടുവിൽ അനുജനെ
Wednesday, February 26, 2025 1:26 AM IST
തിരുവനന്തപുരം: അഫാൻ ആദ്യം കൊലപ്പെടുത്തിയത് പിതാവിന്റെ മാതാവ് സൽമാബീവിയെ, അവസാനം കൊലപ്പെടുത്തിയത് പതിമൂന്നുകാരനായ അനുജൻ അഫ്സാനെ.
രാവിലെ പത്തോടെയാണ് അഫാൻ അമ്മ ഷെമിയുമായി വാക്കുതർക്കത്തിലേർപ്പെടുന്നത്. മാതാവിനോട് പണം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് തർക്കമുണ്ടായത്. അവർ വിസമ്മതിച്ചപ്പോൾ ചുറ്റികകൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തി മുറിക്കകത്തിട്ടു പൂട്ടിയശേഷം ഉച്ചയോടെ കല്ലറ പാങ്ങോട്ടെ മുത്തശി സൽമ ബീവിയുടെ വീട്ടിലെത്തി.
അഫാന്റെ പിതാവ് റഹിമിന്റെ മാതാവാണ് സൽമാബീവി. ഇവർ ഒറ്റയ്ക്കാണു താമസിച്ചിരുന്നത്. പണയം വയ്ക്കാൻ സ്വർണമാല ആവശ്യപ്പെട്ടപ്പോൾ അവർ നൽകിയില്ലെന്നും ഇതേത്തുടർന്നാണ് ഇവരെ കൊലപ്പെടുത്തിയശേഷം മാലയുമായി കടന്നതെന്നുമാണ് ചോദ്യംചെയ്യലിൽ പ്രതി പോലീസ് സംഘത്തോടു പറഞ്ഞത്. മാല പണയംവച്ച ശേഷം പണവുമായി പോകവേ പിതാവ് റഹിമിന്റെ സഹോദരൻ അബ്ദുൾ ലത്തീഫ് , അഫാനെ ഫോണിൽ വിളിച്ചു.
മുത്തശിയെ കൊലപ്പെടുത്തിയ വിവരം ലത്തീഫ് അറിഞ്ഞിട്ടുണ്ടെന്ന സംശയത്തത്തുടർന്നാണ് ലത്തീഫിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് ഇയാൾ പോലീസിനോടു വെളിപ്പെടുത്തിയത്. ലത്തിഫിനെ കൊലപ്പെടുത്താനായി ബൈക്കിൽ പുല്ലമ്പാറയിലെ വീട്ടിലെത്തി. അവിടെ വച്ചു ലത്തീഫിനെ കൊലപ്പെടുത്തി. ചെറുക്കാൻ ശ്രമിക്കവെ ഇദ്ദേഹത്തിന്റെ ഭാര്യ സജിതാ ബീവിയെയും കൊലപ്പെടുത്തി.
ലത്തീഫിന്റെ മൃതദേഹം സോഫ സെറ്റിയിൽ ഇരുത്തി. സജിതയുടെ മൃതദേഹം നിലത്തു കിടത്തിയശേഷം അവിടെനിന്നും ഇറങ്ങി.
പിന്നീട് ഫർസാനയെ വിളിച്ച് ബൈക്കിൽ തന്റെ വീട്ടിലെത്തിച്ചു. ഒന്നാംനിലയിൽ വച്ച് ഫർസാനയെ കൊലപ്പെടുത്തി. സ്കൂളിൽനിന്ന് വീട്ടിൽ മടങ്ങിയെത്തിയ അഫ്സാനെ താഴത്തെ നിലയിൽവച്ചു കൊലപ്പെടുത്തിയെന്നാണ് പ്രതി ചോദ്യംചെയ്യലിൽ പറഞ്ഞത്. വീട്ടിൽനിന്ന് കുളിച്ചു വസ്ത്രം മാറിയശേഷം ഓട്ടോ വിളിച്ച് പോലീസ് സ്റ്റേഷനിലേക്ക് പോയെന്നാണ് അഫാൻ പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയത്.
അതേസമയം, ഫർസാനയും അഫാനും തമ്മിലുള്ള ബന്ധത്തെചൊല്ലി വീട്ടുകാരുമായി തർക്കമുണ്ടായിരുന്നുവെന്ന വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അഫാൻ വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയാണ്.
തന്റെ ബൈക്ക് കേടായെന്നു പറഞ്ഞാണ് ഓട്ടോ വിളിച്ചത്. വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനു സമീപം നിർത്താൻ പ്രതി ആവശ്യപ്പെട്ടുവെന്ന് ഓട്ടോറിക്ഷ ഡ്രൈവർ പറഞ്ഞു. വാഹനത്തിൽ സഞ്ചരിക്കുമ്പോൾ മൊബൈലിൽ അഫാൻ എന്തൊക്കെയോ ചെയ്യുന്നുണ്ടായിരുന്നുവെന്നാണ് ഓട്ടോ ഡ്രൈവർ പോലീസിനോടു പറഞ്ഞത്.