വീണ്ടും കാട്ടാന ജീവനെടുത്തു ; ഇന്നലെ ആദിവാസി ദന്പതികൾ
Monday, February 24, 2025 4:42 AM IST
കണ്ണൂർ: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ കശുവണ്ടി ശേഖരിക്കാൻ പോയ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു.
അമ്പലക്കണ്ടി നഗറിൽനിന്ന് എത്തി മേഖലയിൽ ഭൂമി കിട്ടി 1542ൽ പ്ലോട്ടിൽ താമസിക്കുന്ന വെള്ളി (80) ഭാര്യ ലീല (75) എന്നിവരെയാണു കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയത്. ഇരുവരുടെയും മൃതദേഹം ചവിട്ടിയരച്ച് വികൃതമായ നിലയിലായിരുന്നു. ബ്ലോക്ക് പതിമൂന്നിൽ കരിക്കൻമുക്ക് അങ്കണവാടി റോഡിനോടു ചേർന്നാണു സംഭവം.

കശുവണ്ടി ശേഖരിച്ചശേഷം വിറകുകെട്ടുമായി ഇരുവരും വീട്ടിലേക്കു വരുന്ന വഴിയിൽ പ്രദേശത്തെ ആളൊഴിഞ്ഞ വീടിന്റെ പിറകുവശത്ത് മറഞ്ഞിരുന്ന കാട്ടാന ഇവരെ ആക്രമിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം ആറിനാണു സംഭവം പുറംലോകം അറിയുന്നത്. ഇരുവരും വീട്ടിലെത്താത്തതിനെത്തുടർന്ന് മകളുടെ ഭർത്താവും ബന്ധുക്കളും അന്വേഷിച്ച് എത്തിയപ്പോൾ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. ഉച്ചയോടെയാണ് ഇവരെ കാട്ടാന ആക്രമിച്ചതെന്നാണു സംശയിക്കുന്നത്. മൃതദേഹത്തിനു സമീപത്തെ രക്തപ്പാടുകൾ ഉണങ്ങി കട്ടപിടിച്ച നിലയിലായിരുന്നു. സംഭവസ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ ഉടനെ എത്തിയെങ്കിലും മൃതദേഹം മാറ്റാൻ നാട്ടുകാർ സമ്മതിച്ചില്ല.
ഇതിനിടെ സണ്ണി ജോസഫ് എംഎൽഎ, വനമന്ത്രിയുമായി സംസാരിച്ച് ആവശ്യമായ മുൻകരുതൽ എടുക്കാമെന്നു നാട്ടുകാർക്ക് ഉറപ്പുനൽകിയെങ്കിലും പ്രതിഷേധക്കാർ വഴങ്ങിയില്ല. രാത്രി വൈകിയും പ്രതിഷേധം തുടരുകയായിരുന്നു. വനം മന്ത്രി നേരിട്ട് സ്ഥലത്തെത്തണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. 10 വർഷത്തിനിടെ 14 പേരുടെ ജീവനാണ് ആറളത്ത് കാട്ടാനക്കലിയിൽ പൊലിഞ്ഞത്.
ലക്ഷ്മി, ശ്രീധരൻ, വേണു, ചാലി എന്നിവരാണു കൊല്ലപ്പെട്ട ദന്പതികളുടെ മക്കൾ. മരുമക്കൾ: കുഞ്ഞിക്കണ്ണൻ, ചന്ദ്രി, നാരായണി, മിനി.
ഇന്ന് ഹർത്താൽ
ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ സർക്കാരിന്റെ അനാസ്ഥ ആരോപിച്ച് യുഡിഎഫും ബിജെപിയും ഇന്ന് ആറളം പഞ്ചായത്തിൽ ഹർത്താൽ പ്രഖ്യാപിച്ചു.
20 ലക്ഷം രൂപ നഷ്ടപരിഹാരം
ആറളം ഫാമിൽ കാട്ടാന ചവിട്ടിക്കൊന്ന ദന്പതികളുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ആദ്യഗഡുവായ 10 ലക്ഷം രൂപ ഇന്നുതന്നെ വിതരണം ചെയ്യാനും ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗം തീരുമാനിച്ചു. ഒരാൾക്ക് 10 ലക്ഷം രൂപ വീതമാണ് വനംവകുപ്പിന്റെ നഷ്ടപരിഹാരം.
പ്രതിഷേധം സ്വാഭാവികം; ജനം ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി
കണ്ണൂര്‍: കണ്ണൂര്‍ ആറളത്ത് കാട്ടാന ആക്രമണത്തില്‍ ദമ്പതികള്‍ മരിച്ച സംഭവം സങ്കടകരമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്. വേണ്ടപ്പെട്ടവര്‍ നഷ്ടപ്പെടുമ്പോള്‍ ജനങ്ങള്‍ വൈകാരികമായി പ്രതികരിക്കുന്നത് സ്വാഭാവികമാണ്. ആറളം ഫാമിന്റെ സവിശേഷത മനസിലാക്കി ജനം ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
ആറളം ഫാമില്‍ അടിക്കാട് വെട്ടിയിട്ടില്ല. മതില് നിര്‍മാണം നീണ്ടുപോയത് അടക്കമുള്ള കാര്യങ്ങള്‍ വന്യമൃഗശല്യത്തിനു കാരണമായിട്ടുണ്ട്. വകുപ്പുകളുടെ ഏകോപനക്കുറവ് ഉണ്ടായോ എന്ന കാര്യം പരിശോധിക്കും. ഇക്കാര്യങ്ങള്‍ പരിശോധിച്ച് ജില്ലാ കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും മന്ത്രി പറഞ്ഞു. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.