ആശാവര്‍ക്കര്‍മാരുടെ സമരത്തെ പുച്ഛിച്ച് എളമരം കരീം
Tuesday, February 25, 2025 2:13 AM IST
കൊല്ലം: സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന ആശാവര്‍ക്കർമാര്‍ക്കെതിരേ പുച്ഛം കലർന്ന പരിഹാസവുമായി സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം.
പാട്ടപ്പിരിവുകാരാണ് സമരം നടത്തുന്നതെന്നാണ് പരിഹാസം. സമരത്തിനു പിന്നില്‍ അരാജക സംഘടനകളെന്ന് പാര്‍ട്ടി പത്രത്തില്‍ ലേഖനം എഴുതിയതിന് പിന്നാലെയാണ് സമരക്കാര്‍ക്കെതിരേ വീണ്ടും ആക്ഷേപമുവുമായി കരീം രംഗത്തെത്തിയത്. ഇവിടെ ചില പാട്ടപ്പിരിവ് സംഘങ്ങളുണ്ട്. അവരാണ് സമരത്തിന്റെ പിന്നില്‍. പേര് താന്‍ പറയുന്നില്ല.
പാട്ടപ്പിരിവാണ് അവരുടെ ഉപജീവനമാര്‍ഗം. അതിനുള്ള വഴിയുണ്ടാക്കുകയാണ് സമരത്തിലൂടെ ചെയ്യുന്നത്. വളരെ കുറച്ചുപേര്‍ മാത്രമാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ഇവരെ തെറ്റിദ്ധരിപ്പിച്ചു സമരത്തിനു കൊണ്ടെത്തിയിരിക്കുകയാണ്. സമരത്തെ പിന്തുണയ്ക്കുന്നത് യൂത്ത് കോണ്‍ഗ്രസും മഹിളാ കോണ്‍ഗ്രസും മാത്രമാണ്.
സമരത്തിനു പിന്നില്‍ ഒരു ദേശീയ ട്രേഡ് യൂണിയനും ഇല്ല. ഐഎന്‍ടിയുസിയും എഐടിയുസിയും എന്തുകൊണ്ട് സമരത്തെ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ഇതിനു സമാനമായിരുന്നു നേരത്തേ പെമ്പിളൈ ഒരുമൈ എന്ന പേരില്‍ നടത്തിയ സമരമെന്നും കരീം ചൂണ്ടിക്കാട്ടി.
ഇവര്‍ കേന്ദ്രസര്‍ക്കാരിനെതിരേ സമരം ചെയ്താല്‍ സിഐടിയു പിന്തുണയ്ക്കും. സമരം തുടരുന്നതുകൊണ്ട് സര്‍ക്കാരിന് പ്രതിസന്ധിയില്ലെന്നും അദ്ദേഹം കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു.