വീണ്ടും റോഡ് തടസപ്പെടുത്തി സിപിഎമ്മിന്റെ ഉപരോധം; എം.വി. ജയരാജനെ ഒന്നാം പ്രതിയാക്കി കേസെടുത്തു
Wednesday, February 26, 2025 1:26 AM IST
കണ്ണൂർ: വഞ്ചിയൂരിൽ ഗതാഗതം തടസപ്പെടുത്തി ഏരിയ സമ്മേളനം നടത്തിയതിന്റെ പേരിലുള്ള കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കേ കണ്ണൂരിൽ റോഡ് തടസപ്പെടുത്തി സിപിഎമ്മിന്റെ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധം. സംഭവത്തിൽ സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു.
‘കേരളമെന്താ ഇന്ത്യയിൽ അല്ലേ’ എന്ന ചോദ്യമുയർത്തി സിപിഎം കണ്ണൂർ ഹെഡ്പോസ്റ്റ് ഓഫീസ് ഉപരോധത്തിന്റെ ഭാഗമായാണു റോഡിൽ പന്തലൊരുക്കിയത്. ഹെഡ് പോസ്റ്റ് ഓഫീസിനോടു ചേർന്ന് വേദിയും തൊട്ടുമുന്നിലെ റോഡിൽ പന്തലിട്ട് കസേരയും നിരത്തിയിട്ടായിരുന്നു ഉപരോധസമരം.
റോഡ് കൈയേറി പന്തൽ ഒരുക്കിയതിനാൽ ഈ വഴിക്കുള്ള ഗതാഗതം തിരിച്ചുവിട്ടിരുന്നു. ഏറെ തിരക്കുള്ള റോഡിൽ പന്തൽ കെട്ടിയിട്ടും അധികൃതർ ആരും തടയാൻ എത്തിയില്ല. രാവിലെ ഒൻപതോടെ ആരംഭിച്ച ഉപരോധസമരം ഉച്ചയോടെയാണു സമാപിച്ചത്.
നാലുവരി പാതയുണ്ടായിരുന്ന റോഡിൽ രണ്ടുവരി പാതയിൽ പന്തലിട്ടാണ് ഉപരോധസമരം തുടങ്ങിയത്. ഇതോടെ, ഉച്ചവരെ കണ്ണൂരിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. മുൻപും സമാനരീതിയിൽ പന്തൽ കെട്ടിയപ്പോൾ, പാർട്ടിക്കതിൽ പങ്കില്ലെന്നും കരാറുകാർ ചെയ്തത് എന്നുമായിരുന്നു നേതാക്കളുടെ പ്രതികരണം. ഉപരോധസമരം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു.
സാന്പത്തിക ഉപരോധം ഏർപ്പെടുത്തിയും അർഹമായ ആനുകൂല്യങ്ങൾ നൽകാതെയും കേരളത്തെ കേന്ദ്രസർക്കാർ ശ്വാസം മുട്ടിക്കുകയാണെന്ന് ജയരാജൻ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.
ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ അധ്യക്ഷത വഹിച്ചു. എം. പ്രകാശൻ, ഡോ.വി. ശിവദാസൻ എംപി, കെ.വി. സുമേഷ് എംഎൽഎ, ടി,വി. രാജേഷ്, എൻ. ചന്ദ്രൻ, കെ.പി. സഹദേവൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി, പി. പുരുഷോത്തമൻ, വി.വി. ഗോപിനാഥൻ, എൻ. സുകന്യ എന്നിവർ പ്രസംഗിച്ചു.
കേസെടുത്തത് പതിനായിരം പേർക്കെതിരേ
ഉപരോധത്തെ തുടർന്ന് നഗരത്തിൽ വഴി തടസപ്പെടുത്തിയതിന് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, എം. സുരേന്ദ്രൻ, കെ.പി. സഹദേവൻ, എം.കെ. മുരളി, ഷഹറാസ്, എൻ. ചന്ദ്രൻ, ടി.വി. രാജേഷ്, കെ.വി. സുമേഷ്, പി.വി. ഗോപിനാഥ്, എൻ. സുകന്യ, കെ.കെ. രത്നകുമാരി ഉൾപ്പെടെ കണ്ടാലറിയാവുന്ന പതിനായിരം പേർക്കെതിരേയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്. പോലീസ് ഉത്തരവ് ലംഘിച്ച് പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും മാർഗതടസവും ശല്യവും സൃഷ്ടിച്ചതായാണ് പരാതി.
ആ വിരട്ടലൊന്നും ഞങ്ങളോടു വേണ്ട: എം.വി. ജയരാജൻ

കണ്ണൂർ: സമരം നടക്കുമ്പോൾ മറ്റ് വഴികളിലൂടെ ഗതാഗതം തിരിച്ചുവിടുകയെന്നത് എന്തോ വലിയ പൗരാവകാശ ലംഘനമായി ചിലർ വ്യാഖ്യാനിക്കുകയാണന്നും ജുഡീഷറിയുടെ ആ വ്യാഖ്യാനം തെറ്റാണെന്നും സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു.
“ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ഗതാഗതം തടസപ്പെടുത്തി ഉപരോധം നടത്തിയതിനു കണ്ണൂർ ടൗൺ പോലീസിന്റെ നോട്ടീസ് ലഭിച്ചു. അതു മടക്കി പോക്കറ്റിലിട്ടു. പതിനായിരക്കണക്കിനു പേർ പങ്കെടുക്കുന്ന സമരം നടത്തുമ്പോൾ റോഡിലെ ഗതാഗതം തടസപ്പെടും.
കണ്ണൂരിൽ യാത്ര ചെയ്യാൻ വേറെയും റോഡുകളുണ്ട്. എന്നാൽ, ഹെഡ് പോസ്റ്റ് ഓഫീസ് വേറെയില്ല. പ്രതിഷേധിക്കാനുള്ള അവകാശം മൗലികാവകാശത്തിൽ പെട്ടതാണ്. ഇങ്ങനെ ഒരു സമരത്തിൽ പതിനായിരങ്ങൾ പങ്കെടുക്കുമ്പോൾ ചിലർക്ക് ഒരു മനഃപ്രയാസം ഉണ്ടാകും.
അങ്ങനെ മനഃപ്രയാസം ഉള്ളവരോട് ഞങ്ങൾ പറയുന്നു, ഇത് ജനങ്ങളുടെ പ്രശ്നങ്ങൾ അടിസ്ഥാനമാക്കിയുള്ള സമരമാണ്. ഇത് ജനാധിപത്യത്തെയോ പൗരസ്വാതന്ത്ര്യത്തെയോ വഴി നടക്കാനുള്ള ജനങ്ങളുടെ അവകാശത്തെയോ നിഷേധിക്കുന്നതല്ല. ജീവിക്കാൻ വേണ്ടിയുള്ള സമരമാണ് ഇവിടെ നടക്കുന്നത്.
എനിക്ക് ഒരു നോട്ടീസ് പോലീസ് തന്നു. പോലീസിനെക്കൊണ്ട് അതു ചെയ്യിച്ചതു കോടതിയാണെന്ന് എനിക്കറിയാം.
ജുഡീഷറിയോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട് പറയുന്നു, ഇത് ജുഡീഷറിക്കോ ജനങ്ങൾക്കോ പോലീസിനോ എതിരായ സമരമല്ല. ജനാധിപത്യവും നീതിബോധവുമുള്ളതിനാൽ നോട്ടീസ് തന്നപ്പോൾ അതു സ്വീകരിച്ച് പോക്കറ്റിലിട്ടിട്ടുണ്ട്. ഇതു കുറച്ചു കഴിഞ്ഞാൽ ചാനലിൽ കാണാം. ഇതുവച്ച് ജഡ്ജിമാരെ പ്രകോപിപ്പിച്ച് നമ്മളെ അകത്താക്കാനാണ് ചാനലുകളുടെ ശ്രമം.
ഒരു കാര്യം ഇവരോട് പറഞ്ഞേക്കാം, പണ്ട് ഇതേ സ്ഥലത്ത് 25 ആളോട് ഞാൻ പറഞ്ഞ കാര്യമാണ് ചാനലുകാർ വലിയ വാർത്തയാക്കി എന്നെ ജയിലിലയച്ചത്. ഒരിക്കൽക്കൂടി ഈ ചൂടുകാലത്ത് ജയിലിൽ പോകാൻ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് ആ വിരട്ടലൊന്നും ഞങ്ങളോടു വേണ്ട’’- ജയരാജൻ പറഞ്ഞു.