ശശി തരൂരിന്റെ അഭിമുഖം ചർച്ചയാകുന്നു ; “എന്റെ മുന്നിൽ മറ്റു വഴികളുണ്ട് ”
സ്വന്തം ലേഖകൻ
Monday, February 24, 2025 4:42 AM IST
തിരുവനന്തപുരം: നിലപാടു കടുപ്പിച്ച് കോണ്ഗ്രസ് നേതൃത്വത്തെ കൂടുതൽ സമ്മർദത്തിലാക്കി ശശി തരൂർ എംപി. പാർട്ടിക്ക് തന്റെ സേവനങ്ങൾ വേണ്ടെങ്കിൽ തനിക്കു മുന്നിൽ മറ്റു വഴികളുണ്ടെന്ന പരാമർശം അടങ്ങിയ ഇംഗ്ലീഷ് മാധ്യമത്തിലെ അഭിമുഖം ഏറെ ചർച്ചാവിഷയമായി. തിരുവനന്തപുരത്തുനിന്നുള്ള ലോക്സഭാംഗം കൂടിയായ ശശി തരൂർ, ആവശ്യമെങ്കിൽ കോണ്ഗ്രസ് പാർട്ടി വിടാനും തയാറാണെന്ന സന്ദേശമാണ് ഇതുവഴി നൽകിയതെന്ന വിലയിരുത്തലുകളുണ്ടായി.
തരൂരിന്റെ വിവാദ പ്രസ്താവനകളെ നേരത്തേ ഒരു ഘട്ടത്തിൽ പോലും തള്ളിപ്പറയാതിരുന്ന കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അടക്കമുള്ള സംസ്ഥാന നേതൃത്വവും ഇതോടെ വെട്ടിലായി. കേരളത്തിലെ പാർട്ടിക്ക് നേതൃ പ്രതിസന്ധിയുണ്ടെന്നും കഠിനാധ്വാനം ചെയ്തില്ലെങ്കിൽ മൂന്നാമതും പ്രതിപക്ഷത്ത് ഇരിക്കേണ്ടിവരുമെന്നും ശശി തരൂർ അഭിമുഖത്തിൽ തുറന്നടിച്ചു. കേരളത്തിൽ സമഗ്ര മാറ്റം കൊണ്ടുവരാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സംസ്ഥാന രാഷ്ട്രീയത്തിൽ മുഖ്യ സ്ഥാനത്തേയ്ക്കു വരാൻ സന്നദ്ധത പ്രകടിപ്പിച്ച ശശി തരൂർ, രാഹുൽ ഗാന്ധിയുമായി നടത്തിയ അനുനയ ചർച്ച വിജയിക്കാത്ത സാഹചര്യത്തിലാണ് നിലപാട് കടുപ്പിച്ചതെന്നാണു സൂചന. പ്രവർത്തക സമിതി അംഗമായിട്ടും സംസ്ഥാനത്തെ പരിപാടികളിൽ തന്നെ അവഗണിക്കുന്നതാണ് തരൂരിനെ ചൊടിപ്പിച്ചതത്രേ.
ഇടഞ്ഞുനിൽക്കുന്ന തരൂരിനു പിന്തുണയുമായി സിപിഎം നേതാക്കൾ എത്തിയതോടെ യുഡിഎഫ് കൂടുതൽ സമ്മർദത്തിലായി. തരൂരിന്റെ പ്രസ്താവനകൾ ഗൗരവത്തിൽ എടുക്കണമെന്ന ആവശ്യവുമായി മുഖ്യ ഘടകകക്ഷി മുസ്ലിം ലീഗ് രംഗത്തെത്തിയതോടെ നിലപാട് നേരിയ തോതിൽ മയപ്പെടുത്താനും അദ്ദേഹം ശ്രമിച്ചു. രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അപ്പുറത്ത് കേരളീയരുടെ പുരോഗതി ആഗ്രഹിക്കുന്നവരിൽ ഒരാളാണ് താനെന്ന് തരൂർ പറഞ്ഞു. കോണ്ഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന നാടകങ്ങളിൽ കൂടുതൽ എണ്ണയൊഴിക്കാനില്ലെന്നും മാധ്യമങ്ങളുമായി സംസാരിക്കേണ്ട സാഹചര്യത്തിൽ മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം പറഞ്ഞു.
ശശി തരൂർ അതിരുവിടരുത്, ഞാൻ നന്നാകാൻ നോക്കാം: സുധാകരൻ
തൃശൂർ: മാധ്യമങ്ങളിലൂടെയുള്ള ശശി തരൂരിന്റെ പരസ്യപ്രതികരണം ശരിയായില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. അദ്ദേഹം പറഞ്ഞ കാര്യത്തിൽ മറുപടി പറയാൻ ഞാൻ ആളല്ല. അദ്ദേഹം കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗമാണ്. കെപിസിസി നോക്കേണ്ട കാര്യമല്ല. തരൂർ തന്നെ തിരുത്തിക്കോട്ടെ. അദ്ദേഹത്തെ എല്ലാക്കാലവും പിന്തുണച്ചയാളാണ് ഞാൻ. ഇപ്പോഴും അദ്ദേഹത്തെ പിന്തുണയ്ക്കുന്നു. പക്ഷേ, അതിരുവിട്ടു പോകരുത്. ഇക്കാര്യമറിയിക്കാൻ നാലുവട്ടം വിളിച്ചെങ്കിലും കിട്ടിയില്ല.
ശശി തരൂർ കോണ്ഗ്രസ് വിട്ടു പോകുമെന്ന് ഒരിക്കലും കരുതുന്നില്ല. എന്റെ നേതൃശേഷി വിലയിരുത്തേണ്ടത് അദ്ദേഹത്തെ പോലെയുള്ള ആളു തന്നെയാണ്. എനിക്കു പരാതിപറയാൻ അറിയില്ല. ഞാൻ നന്നാകാൻ നോക്കാം. ഇനിയും അദ്ദേഹത്തിനു തിരുത്താം. ആരും അദ്ദേഹത്തെ വിമർശിക്കുകയോ, പാർട്ടി വിട്ടു പോകണമെന്നു പറയുകയോ ചെയ്തിട്ടില്ല. സിപിഎം ഇക്കാര്യത്തിൽ വ്യാമോഹിക്കേണ്ടെന്നും സുധാകരൻ പറഞ്ഞു.