പാതിവില തട്ടിപ്പ്: റിട്ട. ജഡ്ജിക്കെതിരേ തെളിവില്ലെന്നു സര്‍ക്കാര്‍
Wednesday, February 26, 2025 12:34 AM IST
കൊച്ചി: പാതിവില സ്കൂട്ടര്‍ തട്ടിപ്പുകേസില്‍ റിട്ട. ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന് നായര്‍ക്കെതിരേ തെളിവില്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ആരോപണവിധേയമായ സ്ഥാപനത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളിലോ സാമ്പത്തിക ഇടപാടുകളിലോ ജസ്റ്റീസിനു പങ്കില്ല.
നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷനുമായി ബന്ധപ്പെട്ട തട്ടിപ്പില്‍ മുന്‍ ജഡ്ജി ഉള്‍പ്പെട്ടതിനു തെളിവുകളില്ലാത്തതിനാല്‍ കേസ് ഒഴിവാക്കുന്നതില്‍ നിയമപരമായ തുടര്‍നടപടി സ്വീകരിക്കുമെന്നും സര്‍ക്കാരിനുവേണ്ടി പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി.
റിട്ട. ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന് നായരെ പ്രതിയാക്കിയതു ചോദ്യം ചെയ്തു നല്കിയ ഹര്‍ജിയിലാണു സര്‍ക്കാരിന്റെ വിശദീകരണം. സര്‍ക്കാരിന്റെ വിശദീകരണം രേഖപ്പെടുത്തിയ ജസ്റ്റീസുമാരായ എ. മുഹമ്മദ് മുഷ്താഖ്, പി. കൃഷ്ണകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഹര്‍ജി തീര്‍പ്പാക്കി.
എന്‍ജിഒ കോണ്ഫെഡറേഷനില്നിന്നോ ഇതുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും സ്ഥാപനത്തില്‍നിന്നോ ജസ്റ്റീസ് പ്രതിഫലം സ്വീകരിച്ചിട്ടില്ല.
സിഎസ്ആര്‍ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ഉപദേശകനായി ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന് നായര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിന്റെ പേരില്‍ മലപ്പുറം സ്വദേശി ഡാനിമോന്‍ നല്കിയ പരാതിയിലാണു നിലവില്‍ മുനമ്പം ജുഡീഷല്‍ കമ്മീഷന് അധ്യക്ഷനും മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റീസുമായ രാമചന്ദ്രന് നായരെ മൂന്നാം പ്രതിയാക്കി പെരിന്തല്‍മണ്ണ പോലീസ് കേസെടുത്തത്. ഇതിനെതിരേ അഭിഭാഷകനായ സൈജോ ഹസനാണു ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്.