ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം; മൃതദേഹങ്ങൾ തടഞ്ഞുവച്ചു;
പ്രതിഷേധച്ചൂടറിഞ്ഞ് മന്ത്രി ശശീന്ദ്രൻ
Tuesday, February 25, 2025 2:13 AM IST
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാന കൊലപ്പെടുത്തിയ ആറളം ഫാമിലെ വെള്ളി (80), ഭാര്യ ലീല (72) എന്നിവരുടെ മൃതദേഹങ്ങൾ പ്രദേശവാസികൾ മണിക്കൂറുകളോളം ബ്ലോക്ക് 13 ൽ തടഞ്ഞുവച്ചു.
ബ്ലോക്ക് 13 ലെ ഇവരുടെ വീടിന് 500 മീറ്റർ അകലെ ഉച്ചയ്ക്ക് രണ്ടോടെയാണ് മൃതദേഹങ്ങളുമായി എത്തിയ ആംബുലൻസ് നാട്ടുകാർ തടഞ്ഞത്. മന്ത്രി നേരിട്ടെത്തി പ്രദേശവാസികളോട് സംസാരിച്ച ശേഷം രാത്രി ഏഴോടെയാണ് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകിയത്.
പതിമൂന്നാം ബ്ലോക്കിലെത്തിയ മന്ത്രി എ.കെ. ശശീന്ദ്രൻ നാട്ടുകാരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നു. എന്നാൽ, ആദിവാസി സ്ത്രീകളുടെ ചോദ്യങ്ങൾക്ക് മുന്നിൽ മറുപടി പറയാനാ കാതെ മന്ത്രി വിഷമിക്കുന്നതും കാണാമായിരുന്നു.
ഇനിയൊരു ആദിവാസിയും ഫാമിൽ മരിക്കാൻ ഇടവരില്ല എന്ന് എഴുതി ഒപ്പിട്ട് നല്കണമെന്നയിരുന്നു ആദിവാസി സ്ത്രീകളുടെ ആവശ്യം . ആദിവാസി മേഖലയിൽ നടക്കുന്ന ഞെട്ടിക്കുന്ന ചൂഷണങ്ങളെക്കുറിച്ചും ആനമതിൽ നിമാണത്തിലെ തടസങ്ങൾ ഉൾപ്പെടെ നിരത്തിയായിരുന്നു മന്ത്രിക്കു മുന്നിൽ ഇവരുടെ പ്രതിഷേധം.
ഉദ്യോഗസ്ഥർ സ്തബ്ധരായ അവസ്ഥയിൽ കൂടെ നിന്നവർ ആരവങ്ങളോടെയാണ് സ്ത്രീകളുടെ വാക്കുകളെ സ്വീകരിച്ചത്. പിന്നീട് വിട്ടുനല്കിയ ഇരുവരുടെയും മൃതദേഹം ഏഴരയോടെ മകൾ ലക്ഷ്മിയുടെ വീടിന് സമീപം സമുദായ ആചാരപ്രകാരം സംസ്കരിച്ചു.
സംഭവസ്ഥലത്തെത്തിയ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി, സജീവ് ജോസഫ് എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ, സിപിഎം ഏരിയ സെക്രട്ടറി എന്നിവരെയും നാട്ടുകാർ വഴിയിൽ തടഞ്ഞു.
നേതാക്കളെ ഒരു കാരണവശാലും സംഭവ സ്ഥലത്തേക്ക് പ്രവേശിപ്പിക്കില്ല എന്ന ഉറച്ച നിലപാടിലായിരുന്നു പ്രദേശവാസികൾ. പ്രദേശ വാസികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നല്കാനാകാതെ നേതാക്കൾ തിരിച്ചുപോയി. കെപിസിസി പ്രസിഡന്റ് ആംബുലൻസിൽ സൂക്ഷിച്ചിരുന്ന മൃതദേഹത്തിൽ റീത്ത് സമർപ്പിച്ച് മടങ്ങി.