പി.സി. ജോര്‍ജ് 14 ദിവസം റിമാന്‍ഡില്‍
Tuesday, February 25, 2025 2:13 AM IST
ഈരാറ്റുപേട്ട: ചാനല്‍ ചര്‍ച്ചയില്‍ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയെന്ന കേസില്‍ ബിജെപി നേതാവ് പി.സി. ജോര്‍ജ് റിമാന്‍ഡില്‍. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ജോര്‍ജ് ഇന്നലെ രാവിലെ 11ന് ഈരാറ്റുപേട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയിരുന്നു.
ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ബിജെപി നേതാക്കള്‍ക്കൊപ്പം ഇന്നലെ കോടതിയില്‍ നേരിട്ടു ഹാജരാകുകയായിരുന്നു.
ഇന്നലെ രാവിലെ മുതല്‍ ജോര്‍ജിന്റെ ഈരാറ്റുപേട്ട ചേന്നാടു കവലയിലുള്ള വീട്ടില്‍ ബിജെപി നേതാക്കളും പ്രവര്‍ത്തകരും പിന്തുണയുമായെത്തിയിരുന്നു.
ഒമ്പതോടെ ഈരാറ്റുപേട്ട സിഐ കെ.ജെ. തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് വീട്ടിലെത്തിയെങ്കിലും ജോര്‍ജ് അവിടെയുണ്ടായിരുന്നില്ല. പോലീസ് നടപടിയില്‍ ബിജെപി നേതാക്കള്‍ പ്രതിഷേധം ഉയര്‍ത്തിയതിനെത്തുടര്‍ന്ന് പോലീസ് മടങ്ങി.
രാവിലെ 11ന് ഈരാറ്റുപേട്ട കോടതിയില്‍ നേരിട്ടു ഹാജാരായതോടെ ജോര്‍ജിന്റെ ജാമ്യാപേക്ഷ പരിഗണിച്ചു. മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയിട്ടില്ലെന്നും വേദനിപ്പിക്കുന്ന പരാമര്‍ശം ഉണ്ടായതില്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ജോര്‍ജിന്റെ അഭിഭാഷകര്‍ വാദിച്ചു.
എന്നാല്‍, ഹൈക്കോടതി ജോര്‍ജിനെതിരേ നടത്തിയ രൂക്ഷവിമര്‍ശനങ്ങളാണ് പ്രോസിക്യൂഷന് മുന്നോട്ടു വച്ചത്. പല തവണ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ജാമ്യാപേക്ഷ പരിഗണിക്കരുതെന്നും പോലീസ് കസ്റ്റഡിയില്‍വിട്ടു നല്‍കണമെന്നും വാദിച്ചു.
പാലാ ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഇസിജി വ്യതിയാനം കണ്ടതോടെ പാലാ സബ്ജയില്‍ ഒഴിവാക്കി കോട്ടയം മെഡിക്കല്‍ കോളജിലെ കാർഡിയാക് ഐസിയുവിലേക്ക് മാറ്റി.