കൂട്ടക്കുരുതിയിൽ നടുങ്ങി തലസ്ഥാനം
Tuesday, February 25, 2025 2:13 AM IST
വെഞ്ഞാറമ്മൂട്: വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാൻ അഞ്ചു പേരെ കൊലപ്പെടുത്തിയത് രണ്ടു മണിക്കൂറിനിടയിൽ. സ്വന്തം അനുജനെയും ബന്ധുക്കളെയും പെണ്‍സുഹൃത്തിനെയും ഇയാൾ കൊലപ്പെടുത്തിയ വിവരം പുറത്തു വന്നതോടെ വിറങ്ങലിച്ചു നിൽക്കുകയാണ് തലസ്ഥാനം.
നാടിനെ നടുക്കിയ കൂട്ടക്കൊലപാതകക്കേസിലെ പ്രതി അഫാൻ ആദ്യം കൊലപ്പെടുത്തിയത് പിതാവിന്റെ ഉമ്മയായ സൽമാബീവിയെയാണ്. പാങ്ങോട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഈ വീട്ടിലെത്തിയ പ്രതി ക്രൂരമായ കൊലപാതകം നടത്തിയ ശേഷം 18 കിലോമീറ്ററോളം അകലെയുള്ള ചുള്ളാളം എസ്.എൻ പുരത്തെത്തിയാണ് പിതൃസഹോദരനായ ലത്തീഫിനെയും ഭാര്യയെയും കൊലപ്പെടുത്തിയത്.
ഇതിനു ശേഷമാണ് എട്ടു കിലോമീറ്ററോളം അകലെയുള്ള വെഞ്ഞാറമ്മൂട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പേരുമലയിലെ സ്വന്തം വീട്ടിലെത്തി അനുജനെയും പെണ്‍സുഹൃത്തിനെയും കൊലപ്പെടുത്തിയത്. ക്രൂരമായി ആക്രമിക്കപ്പെട്ട ഉമ്മ മരിച്ചെന്നു കരുതിയാണ് പോലീസ് സ്റ്റേഷനിലെത്തി പ്രതി കൊലപാതക വിവരം അറിയിച്ചത്. വൈകുന്നേരം അഞ്ചു മണിക്കു ശേഷമാണ് പ്രതി ആദ്യ കൊലപാതകം നടത്തിയതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഇതിനു പിന്നാലെ മറ്റിടങ്ങളിലെത്തി കൊല നടത്തുകയായിരുന്നു.
ആക്രമണം ചുറ്റിക കൊണ്ട്
കൊലപാതകം നടന്ന വീടുകളിലെല്ലാം പ്രതിയെത്തിയത് സ്വന്തം ബൈക്കിൽ. കൊല നടത്തിയശേഷവും ഒരു ഭാവഭേദവുമില്ലാതെയാണ് ഇയാൾ സഞ്ചരിച്ചതെന്ന് വൈകുന്നേരം ഇയാളെ നേരിട്ടു കണ്ട നാട്ടുകാർ പറയുന്നു. മൂന്ന് കൊലപാതകങ്ങൾ നടത്തിയ ശേഷം ബൈക്കിൽ സ്വന്തം വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ പ്രതി പെണ്‍സുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. പെണ്‍കുട്ടി എത്തുന്പോഴേക്കും അനുജനെയും അമ്മയെയും ആക്രമിച്ചു. ആക്രമണത്തിൽ അനുജൻ കൊല്ലപ്പെട്ടു. ഒടുവിലായി പെണ്‍കുട്ടിയെയും കൊലപ്പെടുത്തിയ പ്രതി കുഴിമന്തിയിൽ വിഷം ചേർത്തു കഴിച്ചെന്ന മൊഴിയാണ് പോലീസിനു നൽകിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്.
കുഴിമന്തിയിൽ വിഷം ചേർത്തു കഴിച്ചു
കൊലപാതകങ്ങൾക്കു ശേഷം താൻ കുഴിമന്തിയിൽ വിഷം ചേർത്ത് കഴിച്ചെന്ന്, കുറ്റസമ്മതം നടത്താൻ വെഞ്ഞാറമ്മൂട് പോലീസ് സ്റ്റേഷനിലെത്തിയ പ്രതി പോലീസിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് ആദ്യം ഇയാളെ കന്യാകുളങ്ങര സർക്കാർ ആശുപത്രിയിൽ എത്തിച്ചു. ഇവിടെനിന്നാണ് ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. എന്നാൽ പ്രതിയുടെ ആരോഗ്യനില അപകടാവസ്ഥയിലല്ലെന്നാണ് ആശുപത്രി അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം.
കൊലയ്ക്കു കാരണം സാന്പത്തികം
വിദേശത്ത് ബിസിനസ് നടത്തുന്ന പിതാവ് റഹീമിനുണ്ടായ സാന്പത്തിക പ്രതിസന്ധിയാണ് കൊലയ്ക്കു കാരണമെന്നാണ് പ്രതി പോലീസിന് മൊഴി നൽകിയിട്ടുള്ളത്. അതേസമയം പറയത്തക്ക സാന്പത്തിക ബാധ്യതകളൊന്നും പ്രതിയുടെ കുടുംബത്തിനുണ്ടായിരുന്നില്ലെന്നാണ് വിദേശത്തുള്ള പിതാവിൽ നിന്നും പോലീസിന് ലഭിച്ചിട്ടുള്ള വിവരം. പ്രാഥമികമായി പ്രതി പറഞ്ഞിട്ടുള്ള കാര്യങ്ങൾ മാത്രമാണ് നിലവിൽ പോലീസിനുള്ളത്. കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ കൊലപാതക പരന്പര സംബന്ധിച്ച വ്യക്തമായ ചിത്രം ലഭ്യമാകൂ.
""മച്ചാനെ ഞാനൊന്ന് പോലീസ് സ്റ്റേഷൻ വരെ പോയിട്ട് വരാം''
കൊലപാതകങ്ങൾ നടത്തിയ ശേഷം സ്വന്തം വീട്ടിൽ നിന്ന് പുറത്തിറങ്ങിയ പ്രതി നാട്ടുകാരോട് കുശലാന്വേഷണം നടത്തിതായും നാട്ടുകാർ പറയുന്നു. പ്രതി പോലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനിടിൽ സുഹൃത്തായ തന്നെ വഴിയരികിൽ വച്ച് കണ്ടിരുന്നെന്ന് പേരുമല സ്വദേശിയായ ആലം പറയുന്നു. തന്നെ കണ്ടപ്പോൾ ഹായ് പറഞ്ഞ് ബെക്ക് സ്റ്റാന്റിൽ വെച്ച് താക്കോൽ ചൂണ്ടുവിരലിൽ കറക്കി കൊണ്ട് തന്റെ അടുത്തെത്തിയെന്നും ’മച്ചാനെ ഞാനൊന്ന് പോലീസ് സ്റ്റഷനിൽ പോയിട്ട് വരാം’ എന്നു പറഞ്ഞെന്നും സുഹൃത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
അന്പരന്ന് പോലീസ്
വൈകുന്നേരം പോലീസ് സ്റ്റേഷനിലേക്ക് കൂളായി കയറിവന്ന യുവാവ് താൻ ആറു പേരെ കൊലപ്പെടുത്തിയിട്ട് വരികയാണെന്ന് അറിയിച്ചപ്പോൾ പോലീസ് ആദ്യം അന്പരന്നു. അത്രയ്ക്കും കൂസലില്ലാത്ത ശരീരഭാഷയായിരുന്നു ഇയാളുടേത്. പ്രതിയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് ആദ്യം കരുതിയത്. അതിനാൽ ആദ്യം ഇയാളെ നിരീക്ഷിച്ചു. എന്നാൽ താൻ കൊലനടത്തിയെന്ന് ആവർത്തിച്ച പ്രതി കൊലപാതകം നടന്ന സ്ഥലങ്ങളും മറ്റു വിവരങ്ങളും വ്യക്തമാക്കി.