പണിമുടക്കിയവരുടെ ശന്പളം വൈകിക്കൽ ഉത്തരവ് റദ്ദാക്കി കെഎസ്ആർടിസി
Tuesday, February 25, 2025 2:13 AM IST
തിരുവനന്തപുരം: പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാരുടെ ഫെബ്രുവരി മാസത്തെ ശമ്പളബില്‍ വൈകി എഴുതിയാല്‍ മതിയെന്ന കെഎസ്ആർടിസിയുടെ വിവാദ ഉത്തരവ് ഒഴിവാക്കി. റെഗുലര്‍ ശമ്പള ബില്ലിന്റെ കൂടെ എഴുതരുതെന്ന ഉത്തരവാണ് കെഎസ്ആർടിസി ഒഴിവാക്കിയത്.
ശമ്പളവും പെന്‍ഷനും ഒന്നാം തീയതി വിതരണം ചെയ്യുക, ഡിഎ കുടിശിക പൂര്‍ണമായും അനുവദിക്കുക, ശമ്പളപരിഷ്കരണ കരാറിന്റെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക, ബസ് റൂട്ടുകള്‍ സ്വകാര്യവത്കരിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങി പന്ത്രണ്ടോളം ആവശ്യങ്ങളുന്നയിച്ച് ഫെബ്രുവരി നാലിനാണ് ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ (ടിഡിഎഫ്) നേതൃത്വത്തില്‍ ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്കിയത്.
ഇതിനു പിന്നാലെയാണ് സമരം ചെയ്ത ടിഡിഎഫ് പ്രവര്‍ത്തകരുടെ ശമ്പളം വൈകിക്കാന്‍ കെഎസ്ആർടിസി മാനേജ്മെന്റ് നീക്കം നടത്തിയത്.