മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തി
Tuesday, February 25, 2025 2:13 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര ആർലേക്കറുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാവിലെ രാജ്ഭവനിലെത്തിയ മുഖ്യമന്ത്രി വിവിധ വിഷയങ്ങളിൽ ചർച്ച നടത്തിയതായി സൂചനയുണ്ട്.
ബില്ലുകളിൽ തീരുമാനം വൈകുന്നതടക്കമുള്ള കാര്യങ്ങൾ മുഖ്യമന്ത്രി മുന്നോട്ടു വച്ചതായി അറിയുന്നു.
സ്വകാര്യ സർവകലാശാലാ ബിൽ ഈ നിയമസഭാ സമ്മേളനം പരിഗണിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച യുജിസി കരട് ഭേദഗതിക്കെതിരേ കേരളം സംഘടിപ്പിച്ച ദേശീയ സെമിനാറിൽ ഗവർണർ നേരിട്ട് മുഖ്യമന്ത്രിയെ വിളിച്ച് അതൃപ്തി അറിയിച്ചിരുന്നു. ഇതേത്തുടർന്ന് യുജിസി കരടിനെതിരേ എന്ന പ്രയോഗം മാറ്റിയിരുന്നു. ഈ സാഹചര്യത്തിൽ ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഏറെ പ്രാധാന്യമാണുള്ളത്.