ബില്യണ്‍ ബീസ് ഷെയര്‍ ട്രേഡിംഗ് തട്ടിപ്പ്: പരാതികള്‍ കൂടുന്നു
Tuesday, February 25, 2025 2:13 AM IST
ഇരിങ്ങാലക്കുട: ബില്യണ്‍ ബീസ് ഷെയര്‍ ട്രേഡിംഗ് തട്ടിപ്പില്‍ ഓരോ ദിവസം ചെല്ലുന്തോറും തട്ടിപ്പിന്റെ വ്യാപ്തി ഏറുന്നതായി പോലീസ് വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഒരു കേസ് മാത്രമാണുണ്ടായിരുന്നത്. പിന്നീട് 32 പേരായി; ഇപ്പോള്‍ 55 പേര് പരാതി നൽകി.
നാണക്കേട് ഭയന്ന് പരാതി നല്‍കാത്തവരാണ് അധികവും. 150 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിലും ലഭിച്ച എല്ലാ പരാതികളുംപ്രകാരം 10,27,83,000 രൂപയുടെ തട്ടിപ്പാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.
സ്ഥാപന ഉടമകളായ ഇരിങ്ങാലക്കുട നടവരമ്പ് കിഴക്കേവളപ്പില്‍ ബിബിന്‍ (35), ഭാര്യ ജൈത വിജയന് (33), സഹോദരന് സുബിന് (31), ജനറല്‍ മാനേജര്‍ സജിത്ത് എന്നിവര്‍ക്കെതിരേയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.
ഇരിങ്ങാലക്കുടയിലെ ഒരു സ്വകാര്യബാങ്കിലെ അസി. മാനേജരായി പ്രവര്‍ത്തിച്ചിരുന്ന ബിബിന്‍ അവിടെനിന്നും ലഭിച്ച ബന്ധങ്ങള്‍ ഉപയോഗിച്ചാണ് ട്രേഡിംഗിലേക്ക് ആളുകളെ ചേര്‍ത്തത്. മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ 12 ശതമാനം ലാഭവിഹിതം നല്കുമ്പോള് ബില്യണ്‍ ബീസ് 36 ശതമാനമാണ് ലാഭവിഹിതം നല്‍കിയിരുന്നത്.
ഒരിക്കല്‍ ലാഭവിഹിതം ലഭിച്ചാല്‍ പിന്നെ അവര്‍തന്നെ ഈ തട്ടിപ്പിന്റെ അംബാസഡര്‍മാരാകുന്ന അവസ്ഥയായിരുന്നു. പ്രവാസി മലയാളികളുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ ബാങ്ക് ജോലി മുഖേന ബിബിനു സാധിച്ചു.
പ്രവാസിമലയാളികളെ വിശ്വസിപ്പിച്ച് ഷെയര്‍ ട്രേഡിംഗില്‍ പണം നിക്ഷേപിപ്പിച്ചു. ഊഹക്കച്ചവടത്തില്‍ പണം വേഗത്തില്‍ തിരിച്ചുനല്കിയതോടെ വിശ്വാസം കൂടി. പണമൊഴുകി. ബിബിൻ ബാങ്ക് ജോലി ഉപേക്ഷിച്ചു. പിന്നെ ബില്യണ്‍ ബീസ് എന്ന പേരില്‍ സ്ഥാപനം തുടങ്ങുകയായിരുന്നു.
‘100 കോടി തേനീച്ചകളെ’ന്ന് നാമകരണം ചെയ്തതുപോലെ നിക്ഷേപം 100 കോടി കവിഞ്ഞു. ദുബായിലും സ്ഥാപനങ്ങള്‍ തുടങ്ങി. നിക്ഷേപത്തുകകള്‍ കൈകാര്യം ചെയ്യുന്നതില്‍ പാളിച്ച വന്നതോടെ അടിപതറി. ഇതോടെയാണ് സ്ഥാപനം പൊളിഞ്ഞത്. ഇടപാടുകാര്‍ മുതലും പലിശയുമില്ലാതെ വലഞ്ഞു. ഇതോടെ ബിബിനും ഭാര്യ ജൈതയും ദുബായിലേക്കു മുങ്ങി.