സിനിമാമേഖല അനിശ്ചിതകാല സമരത്തിലേക്ക് ; നിലപാട് കടുപ്പിച്ച് നിര്‍മാതാക്കള്‍
Tuesday, February 25, 2025 2:13 AM IST
കൊച്ചി: സൂപ്പര്‍താരങ്ങള്‍ പ്രതിഫലം കുറച്ചില്ലെങ്കില്‍ ജൂണ്‍ ആദ്യം മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്കു നീങ്ങാന്‍ കൊച്ചിയില്‍ നടന്ന ഫിലിം ചേംബര്‍ യോഗം തീരുമാനിച്ചു. ഇതിനുമുന്നോടിയായി സിനിമാനിര്‍മാണവും പ്രദര്‍ശനവും നിര്‍ത്തിവച്ചുള്ള സൂചനാപണിമുടക്ക് നടത്തും. തീയതി അടുത്ത ദിവസം പ്രഖ്യാപിക്കും.
മാര്‍ച്ച് 25ന് ശേഷം സിനിമാനിര്‍മാണവും വിതരണവും പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ഒരുതരത്തിലുള്ള കരാറിലും ഒപ്പുവയ്ക്കരുതെന്ന് ചേംബറുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സിനിമാസംഘടനകള്‍ക്കു യോഗം നിര്‍ദേശം നല്കി.
ഫിലിം ചേംബര്‍ പ്രസിഡന്റ് ബി.ആര്. ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട്, ഫിയോക് പ്രസിഡന്റ് എം. വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അതേസമയം, സിനിമാമേഖലയെ സ്തംഭിപ്പിച്ചുള്ള പണിമുടക്കിന് പിന്തുണയില്ലെന്ന് താരസംഘടനയായ"അമ്മ’വ്യക്തമാക്കി. ആയിരക്കണക്കിനു തൊഴിലാളികളുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കിയുള്ള സമരത്തെ പിന്തുണയ്ക്കാനാകില്ലെന്നും അഭിനേതാക്കളുടെ പ്രതിഫലം സംബന്ധിച്ച കാര്യത്തില്‍ അടുത്ത ജനറല്‍ ബോഡിക്കുശേഷമേ തീരുമാനമെടുക്കാന്‍ കഴിയുകയുള്ളൂവെന്നും ഇന്നലെ കൊച്ചിയിലെ "അമ്മ'ആസ്ഥാനത്തു നടന്ന യോഗത്തില്‍ തീരുമാനിച്ചു.
മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ടോവിനോ തോമസ്, ബേസില്‍ ജോസഫ്, ജോജു ജോര്‍ജ്, ബിജു മേനോന്, വിജയരാഘവന്, സായ്കുമാര്, മഞ്ജുപിള്ള, ബിന്ദു പണിക്കര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.