മദ്യനയത്തിനെതിരേ ഓര്‍ത്തഡോക്സ് സഭാ എപ്പിസ്കോപ്പല്‍ സൂന്നഹദോസ്
Wednesday, February 26, 2025 1:26 AM IST
കോട്ടയം: മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കേണ്ടതിനു പകരം മദ്യ നിര്‍മാണശാലകള്‍ക്ക് അനുമതി നല്‍കുന്നത് ലഹരിമാഫിയകള്‍ക്ക് പാലൂട്ടുന്നതിന് തുല്യമാകുമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാ എപ്പിസ്കോപ്പല്‍ സൂന്നഹദോസ്. മദ്യ, മയക്കുമരുന്ന് ഉപയോഗത്തില്‍നിന്നു പുതുതലമുറയെ അകറ്റിനിര്‍ത്താനുള്ള ബൃഹത്തായ കര്‍മപദ്ധതികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിക്കണമെന്നും സൂന്നഹദോസ് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ലഹരിമാഫിയകള്‍ ആഴത്തില്‍ വേരിറക്കിയെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് സമൂഹം ജാഗ്രത പാലിക്കണം. ലഹരിക്ക് അടിമപ്പെട്ട് സ്വന്തം മാതാപിതാക്കളെയും സഹോദരങ്ങളെയും കൊലപ്പെടുത്തുന്ന യുവതയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇന്ന് ഒറ്റപ്പെട്ട സംഭവമല്ല.
പോലീസ് റിപ്പോര്‍ട്ട് ചെയ്യുന്ന പല കേസുകളുടെയും പിന്നണിയില്‍ മയക്കുമരുന്നിന്റെ ഉപയോഗം വെളിവാകുന്നു. സര്‍ക്കാരും പോലീസ്-എക്സൈസ് സംവിധാനങ്ങളും മാത്രം വിചാരിച്ചാല്‍ തടയാന്‍ കഴിയുന്നതിനപ്പുറത്തേക്ക് ലഹരിയുടെ നീരാളിക്കരങ്ങള്‍ കേരളത്തെ ഗ്രസിച്ചിരിക്കുന്നതില് സൂന്നഹദോസ് ആശങ്ക രേഖപ്പെടുത്തി.
ലഹരി ഉപയോഗത്തെ ലഘൂകരിക്കുന്ന ചലച്ചിത്രങ്ങള്‍ നമ്മുടെ കുഞ്ഞുങ്ങളെ സ്വാധീനിക്കുന്നുണ്ട്. ഇത്തരം സിനിമകളില്‍നിന്നു വിട്ടുനിന്ന് ഭാവി തലമുറയെ ലഹരിവലയില്നിന്ന് രക്ഷിക്കാനുള്ള ശ്രമങ്ങളിൽ കലാകാരന്മാരും കൈകോര്‍ക്കണമെന്നും സൂന്നഹദോസ് ആവശ്യപ്പെട്ടു.
ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നടക്കുന്ന സൂന്നഹദോസിൽ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു.
വത്തിക്കാനില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ രോഗമുക്തിക്കായി സൂന്നഹദോസിൽ പ്രാര്‍ഥന നടത്തി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യത്തിനായി ലോകജനതയ്ക്കൊപ്പം പ്രാര്‍ഥിക്കുന്നതായി സൂന്നഹദോസ് സെക്രട്ടറി യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അറിയിച്ചു.
സഭയുടെ മുഴുവന്‍ മെത്രാപ്പോലീത്താമാരും പങ്കെടുക്കുന്ന സൂന്നഹദോസ് മാര്‍ച്ച് ഒന്നു വരെയാണ്.