നികുതിവരുമാനത്തിൽ അർഹതപ്പെട്ടത് കേരളത്തിനു തരണം: എം.വി. ഗോവിന്ദൻ
Wednesday, February 26, 2025 12:34 AM IST
തിരുവനന്തപുരം: നികുതി വരുമാനത്തിൽ അർഹതപ്പെട്ടതു കേരളത്തിനു തരണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
ജിഎസ്ടി വന്നതോടെ നികുതി ചുമത്താനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് ഇല്ലാതായി. ധനകമ്മീഷന്റെ വിവേചനം കാരണം 1.07 ലക്ഷം കോടിയാണ് കേരളത്തിനു നഷ്ടമായത്. പിരിച്ചെടുക്കുന്ന നമ്മുടെ നികുതി മുഴുവൻ കൊണ്ടുപോയി എന്തെങ്കിലും ഔദാര്യംപോലെ തരുന്നു എന്നതു നല്ല കേന്ദ്ര- സംസ്ഥാന ബന്ധമല്ല. ഈ പ്രയാസത്തിനിടയിലും ബദൽ മാർഗങ്ങൾ തേടി സംസ്ഥാനത്തെ നയിക്കുകയാണ് ഇടതുസർക്കാരെന്നും അദ്ദേഹം പറഞ്ഞു.
കേരളവും ഇന്ത്യയിലല്ലേ എന്ന ചോദ്യമുയർത്തി കേന്ദ്ര അവഗണനയ്ക്കെതിരേ സിപിഎം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എം.വി. ഗോവിന്ദൻ.
സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, ടി.എൻ. സീമ, എ.എ. റഹിം എന്നിവർ പ്രസംഗിച്ചു.