സമരത്തിനുനേരേയുള്ള ഭീഷണി ഉത്തരവ് തള്ളിക്കളയുന്നതായി ആശവർക്കർമാർ
Wednesday, February 26, 2025 1:26 AM IST
തിരുവനന്തപുരം: ആശാസമരത്തിനുനേരേയുള്ള ഭീഷണി ഉത്തരവ് തള്ളിക്കളയുന്നതായി ആശവർക്കർമാർ. പണിമുടക്ക് പിൻവലിക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപെട്ട് ആശവർക്കർമാർ ഉന്നയിക്കുന്ന അടിസ്ഥാന ആവശ്യങ്ങൾ അംഗീകരിക്കുകയാണ് വേണ്ടതെന്ന് കേരളാ ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
എൻഎച്ച്എം സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർക്കും ലേബർ കമ്മീഷണർക്കും നിയമപ്രകാരം നോട്ടീസ് നൽകിയാണ് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ രാപകൽ സമരവും അനിശ്ചിതകാല പണിമുടക്കും നടത്തുന്നത്. സംഘടന ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കുകയോ പരിഹരിക്കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ ഏകപക്ഷീയമായി നടപടി എടുക്കാൻ ഉദ്യോഗസ്ഥർക്ക് അവകാശമില്ല.
വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ പരിശീലനം നേടിയാണ് ആശവർക്കർമാർ ജോലി ചെയ്യുന്നത്. ഈ സ്ഥാനത്തേക്കു മറ്റാരെയെങ്കിലും ഉടനടി പരിഗണിക്കാൻ ചട്ടം അനുവദിക്കുന്നില്ല. അസാധ്യമായ ആവശ്യങ്ങളല്ല സംഘടന മുന്നോട്ടു വച്ചിരിക്കുന്നത്.
സർക്കാർ മുഷ്ക് വെടിഞ്ഞ് ആശമാരുടെ ന്യായമായ ഡിമാന്റുകൾ അംഗീകരിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദനും ജനറൽ സെക്രട്ടറി എം.എ. ബിന്ദുവും ആവശ്യപ്പെട്ടു.