കടൽമണൽ ഖനനം: 27ന് തീരദേശ ഹർത്താൽ
Tuesday, February 25, 2025 2:13 AM IST
തൃശൂർ: കടൽമണൽ ഖനനത്തിനു സ്വകാര്യ കോർപറേറ്റുകൾക്ക് അനുമതി നൽകുന്ന കേന്ദ്രസർക്കാർ നീക്കത്തിനെതിരേ 27നു നടത്തുന്ന തീരദേശഹർത്താൽ വിജയിപ്പിക്കണമെന്നു മത്സ്യത്തൊഴിലാളി തൃശൂർ കോ-ഓർഡിനേഷൻ കമ്മിറ്റി.
ബ്ലൂ ഇക്കോണമിയുടെ ഭാഗമായി കേന്ദ്രസർക്കാർ നടത്തിയ വിവിധ പഠനങ്ങളിൽ കേരളത്തിൽ 74.5 കോടി ടണ്‍ കടൽമണൽ നിക്ഷേപമുണ്ടെന്നാണു കണ്ടെത്തൽ. കൊല്ലത്തെ 31 കോടി ടണ്‍ മണൽ കോർപറേറ്റുകൾക്ക് ഊറ്റിയെടുക്കാനുള്ള ടെൻഡർ 27ന് ഉറപ്പിക്കും.
242 ചതുരശ്ര കിലോമീറ്റർ പ്രദേശത്തു മൂന്നു ബ്ലോക്കുകളായി തിരിച്ചാണു ഖനനം നടത്തുക. ചാവക്കാട്, പൊന്നാനി, ആലപ്പുഴ, കൊല്ലം വടക്ക്, കൊല്ലം തെക്ക് എന്നിവിടങ്ങളിൽ അടുത്തപടി ഖനനം നടക്കും.
ഇന്ത്യയിലെ 22 മത്സ്യസങ്കേതങ്ങളിൽ ഏറ്റവും ഉത്പാദനക്ഷമതയുള്ള പ്രദേശമാണു കൊല്ലം. കടൽമണൽ സൃഷ്ടിക്കുന്ന കലക്കൽ, പുറത്തുവരുന്ന വിഷവാതകങ്ങൾ എന്നിവ മത്സ്യപ്രജനനത്തെയും ആവാസവ്യവസ്ഥയെയും അട്ടിമറിക്കും.
ഖനനത്തിൽനിന്നു കേന്ദ്രസർക്കാർ പിന്തിരയണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിൽ മത്സ്യത്തൊഴിലാളികൾമുതൽ ഹാർബറുകളിൽ ജോലിയെടുക്കുന്നവരും ബോട്ടുടമകളുമടക്കമുള്ളവർ പങ്കെടുക്കണമെന്നും കോ-ഓർഡിനേഷൻ കമ്മിറ്റി അഭ്യർഥിച്ചു.