ഇങ്ങനെ ‘ആശ’ കൊടുത്തു പറ്റിക്കല്ലേ, സർക്കാരേ
Tuesday, February 25, 2025 2:13 AM IST
സിജോ പൈനാടത്ത്
കൊച്ചി: ആശാ പ്രവർത്തകർക്ക് ഇഎസ്ഐ, പ്രോവിഡന്റ് ഫണ്ട് ആനുകൂല്യങ്ങൾ നൽകുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ട് എട്ടു വർഷം. എന്നാൽ, വാഗ്ദാനത്തിൽ ഇതുവരെ തുടർനടപടികൾ ഒന്നുമുണ്ടായില്ല.
അസംഘടിത മേഖലയിലെ മുഴുവൻ തൊഴിലാളികളെയും ഇഎസ്ഐ, പിഎഫ് ആനുകൂല്യങ്ങളുടെ പരിധിയിൽപ്പെടുത്തുമെന്ന് 2017ലാണ് കേന്ദ്രം പ്രഖ്യാപിച്ചത്. ഇതിനൊപ്പം ആശാ പ്രവർത്തകർക്കും ഈ ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്ന് അന്നത്തെ കേന്ദ്ര തൊഴിൽമന്ത്രി ബന്ദാരു ദത്താത്രേയ അറിയിച്ചിരുന്നു.
ഒന്നാം മോദിസർക്കാരിന്റെ കാലഘട്ടത്തിൽത്തന്നെ ആശാ പ്രവർത്തകരെ ഇഎസ്ഐ, പിഎഫ് പദ്ധതികളിൽ ഉൾപ്പെടുത്തുമെന്നു പ്രഖ്യാപിച്ചെങ്കിലും മൂന്നാം മോദി സർക്കാരായിട്ടും വാഗ്ദാനം ‘ആശ’മാത്രമായി അവശേഷിക്കുന്നു.
ആശാ പ്രവർത്തകർ (അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ്) തൊഴിലാളികളല്ല, സന്നദ്ധപ്രവർത്തകരാണ് എന്ന വാദമുയർത്തിയാണ് ഇവർക്കു ഇഎസ്ഐ, പിഎഫ് ആനുകൂല്യങ്ങൾ നിഷേധിക്കുന്നത്. നിശ്ചിത വരുമാനപരിധിയിലുള്ള തൊഴിലാളികൾക്കും ജീവനക്കാർക്കുമുള്ള ആരോഗ്യപരിരക്ഷാ സംവിധാനമെന്ന നിലയിലാണ് ഇഎസ്ഐ കേന്ദ്രസർക്കാർ നടപ്പാക്കുന്നത്.
മാറിയ സാഹചര്യത്തിൽ മുഴുവൻസമയ തൊഴിൽ ചെയ്യേണ്ടിവരുന്ന ആശാ പ്രവർത്തകർക്ക് 7000 രൂപ ഓണറേറിയമല്ലാതെ മറ്റൊരു ആനുകൂല്യങ്ങളും സർക്കാരിൽനിന്നു ലഭിക്കുന്നില്ല.
ചികിത്സയ്ക്കായി ചെലവായത് എട്ടു ലക്ഷം
കൊച്ചി: ഹൃദയത്തിന്റെ വാൽവിന് ഗുരുതരമായ രോഗം ബാധിച്ച് ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സ പൂർത്തിയാക്കി ആശാ വർക്കറായ ലിസി പൗലോസ് വീണ്ടും ജോലിക്കിറങ്ങിയത് ഏതാനും ആഴ്ചകൾക്കു മുന്പാണ്.
മലയും കുന്നുകളും നിറഞ്ഞ വാർഡിലെ വീടുകളിലേക്ക് ദുർഘടപാതകൾ പിന്നിട്ടു നീങ്ങുന്പോഴും എറണാകുളം മഴുവന്നൂർ പഞ്ചായത്തിലെ ആശാ വർക്കറായ ലിസിക്കു പറയാൻ പരിഭവങ്ങളേറെ.
“ശസ്ത്രക്രിയയ്ക്കും മറ്റു ചികിത്സകൾക്കുമായി എട്ടു ലക്ഷം രൂപയാണ് ആശുപത്രിയിൽ കൊടുത്തത്. ബില്ല് കൊടുത്തുതീർക്കാൻ നന്നേ വിഷമിച്ചു. ഇഎസ്ഐ ഉണ്ടായിരുന്നെങ്കിൽ ഇത്രയും ബുദ്ധിമുട്ടുണ്ടാകില്ലായിരുന്നു...’’ ലിസി പറയുന്നു.
“ചെയ്യുന്ന ജോലിക്കനുസരിച്ചു പ്രതിഫലം ലഭിക്കാത്തവരാണ് ഞങ്ങൾ ആശാ വർക്കർമാർ. വാർഡിൽ ഞങ്ങൾ എത്താത്ത വീടുകളില്ല. എല്ലായിടത്തും എത്തണം, എല്ലാവരെയും കാണണം... പത്തോളം ഉപാധികൾ പാലിച്ചാൽ മാത്രമേ ഓണറേറിയം പോലും കിട്ടൂ. ഏതെങ്കിലുമൊന്നിൽ കുറവു വന്നാൽ 500 രൂപ കുറയ്ക്കും.’’ ലിസി പറഞ്ഞു.