കരുവന്നൂര്‍, കണ്ടല ബാങ്കുകളിലെ തട്ടിപ്പ്; പരാതിക്കാര്‍ക്ക് പണം തിരികെ ലഭിക്കും
Tuesday, February 25, 2025 2:13 AM IST
കൊച്ചി: കരുവന്നൂര്‍, കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുകേസുകളില്‍ പരാതിക്കാര്‍ക്ക് തുക തിരികെ നല്കുന്ന (റെസ്റ്റിറ്റ്യൂഷന്‍) നടപടികള്‍ ആരംഭിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).
കേസില്‍ പ്രതികളായ മുഴുവന്‍ ആളുകളില്‍നിന്നും കണ്ടുകെട്ടിയ പണവും മറ്റു സ്ഥാവര-ജംഗമ വസ്തുക്കളും കോടതി മുഖേന ബാങ്കിനെ ഏല്‍പ്പിക്കും. പണം നഷ്ടമായവര്‍ക്ക് ബാങ്ക് വഴിയാകും പണം തിരികെ ലഭിക്കുക. പരാതിക്കാര്‍ക്ക് കോടതി വഴിയും പണം നേടിയെടുക്കാനാകുമെന്ന് ഇഡി അറിയിച്ചു.
കരുവന്നൂര്‍ കേസില്‍ കണ്ടുകെട്ടിയ തുക ബാങ്ക് മുഖേനതന്നെ പരാതിക്കാര്‍ക്കു തിരികെ നല്‍കുന്നതിനായി പിഎംഎല്‍എ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ബാങ്കധികൃതരോട് പലതവണ ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിച്ചിരുന്നില്ല. മൂന്നു മാസത്തോളമായി ഇക്കാര്യം അറിയിച്ച് ഫോണില്‍ ബാങ്കധികൃതരെ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. പണം നഷ്ടമായവരുടെ വിവരങ്ങള്‍ ബാങ്കിന്റെ കൈവശമാണുള്ളത്.
അതുകൊണ്ടുതന്നെ കോടതിയുടെ അനുവാദത്തോടെ ബാങ്ക് മുഖേനയാണു തിരിച്ചുനല്കല് നടപടികള്‍ സ്വീകരിക്കേണ്ടത്. ബാങ്ക് നേരിട്ട് ഇടപെടാത്ത സാഹചര്യത്തില്‍ കണ്ടുകെട്ടിയ തുക ഉള്‍പ്പെടെ തിരികെ നല്കാന് സന്നദ്ധമാണെന്ന് ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്.
നിലവില്‍ കേസുമായി ബന്ധപ്പെട്ട് സ്ഥാവര-ജംഗമ വസ്തുക്കളടക്കം 128 കോടി രൂപയാണ് ഇഡി കണ്ടുകെട്ടിയിട്ടുള്ളത്.
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുകേസിലും ഇഡി കണ്ടുകെട്ടിയ പണം പരാതിക്കാര്‍ക്ക് തിരികെ നല്‍കും. ഇത് ഏറ്റെടുക്കാമെന്നറിയിച്ച് ബാങ്ക് കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിന്റെ നടപടികളും വൈകാതെ ആരംഭിക്കും.
പോപ്പുലര്‍ ഫിനാന്‍സ്, ഹൈറിച്ച് തട്ടിപ്പു കേസുകളില്‍ ഇഡിക്കു പുറമേ ബഡ്സ് (ബാനിംഗ് ഓഫ് അണ്‍റെഗുലേറ്റഡ് ഡിപ്പോസിറ്റ് സ്കീംസ്) അധികൃതരും പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ഇഡി കണ്ടുകെട്ടിയ സ്വത്ത് കൈമാറാന്‍ തയാറാണെന്ന് ബഡ്സ് അധികൃതരെ അറിയിക്കും. ഇതിനു പുറമെ കേച്ചേരി ഫിനാന്‍സ് തട്ടിപ്പ്, മാസ്റ്റേഴ്സ് ഫിന്‍സെര്‍വ് തട്ടിപ്പുകേസുകളിലും പരാതിക്കാര്‍ക്ക് പണം തിരികെ നല്‍കുന്നതിനുള്ള നടപടികളും ഇഡി തുടങ്ങിയിട്ടുണ്ട്.
അതേസമയം മാസപ്പടി, പാതിവില തട്ടിപ്പ് തുടങ്ങിയ കേസുകളില്‍ അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ ഒന്നും പറയാനാകില്ലെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കരുവന്നൂര്‍ കേസില്‍ രണ്ടാംഘട്ട കുറ്റപത്രം ഉടന്‍
കരുവന്നൂര്‍ കേസിലെ രണ്ടാംഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് ഇഡി. സിപിഎം നേതാവും മുൻ മന്ത്രിയുമായ എസി. മൊയ്തീന് പ്രതിയാണോയെന്ന് ഇപ്പോള്‍ പറയാനാകില്ല. എസി. മൊയ്തീന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ടില്ലേയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികളല്ലാത്ത ആരുടെയും സ്വത്തുവകകള്‍ കണ്ടുകെട്ടിയിട്ടില്ലെന്നായിരുന്നു ഇഡി ഉദ്യോഗസ്ഥരുടെ മറുപടി.
മുഖ്യപ്രതി പി. സതീഷ് കുമാര്‍, പി.ആര്. അരവിന്ദാക്ഷന്, പി.പി. കിരണ്‍, സി.കെ. ജില്‍സ് എന്നിവരെ പ്രതിചേര്‍ത്ത് 2023 നവംബറിലാണ് കേസിലെ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്. രണ്ടാംഘട്ട അന്വേഷണം സിപിഎം നേതാക്കളായ എ.സി. മൊയ്തീന്, എം.എം. വര്‍ഗീസ്, പി.കെ. ബിജു, എം.കെ. കണ്ണന് എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു.
സംസ്ഥാനത്ത് ഇതാദ്യം
സംസ്ഥാനത്ത് ഇതാദ്യമായാണു പ്രതികളില്‍നിന്ന് കണ്ടുകെട്ടിയ പണം സാമ്പത്തികതട്ടിപ്പിന് ഇരയായവര്‍ക്ക് ഇഡി മടക്കിക്കൊടുക്കുന്നത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കോടതികളിലെത്തുന്ന കേസുകളില്‍ കാലതാമസം നേരിടുന്നത് പതിവായിരുന്നു.