കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ജനങ്ങള്‍ക്കുള്ള മരണവാറന്റ്: ജോസ് കെ. മാണി
Tuesday, February 25, 2025 2:13 AM IST
കോട്ടയം: കേന്ദ്ര വന്യജീവി സംരക്ഷണ നിയമം അക്ഷരാര്‍ഥത്തില്‍ വനാതിര്‍ത്തി പങ്കിടുന്ന ജനവാസ മേഖലകളിലെ ജനങ്ങള്‍ക്കുള്ള മരണവാറന്റായി പരിണമിച്ചിരിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണി എംപി. കേരള കോണ്‍ഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഈ നിയമം ഭേദഗതി ചെയ്യാന്‍ വിസമ്മതിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ആരാച്ചാരുടെ റോള്‍ അഭിനയിക്കുകയാണ്. വനത്തിനുള്ളില്‍ ആയാലും ജനവാസ മേഖലയിലായാലും വന്യമൃഗത്തിന്റെ സുരക്ഷയ്ക്ക് മാത്രമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മുന്‍ഗണന നല്‍കുന്നത്. ഈ ഗുരുതരമായ സാഹചര്യത്തില്‍ പ്രക്ഷോഭം അല്ലാതെ ജനങ്ങള്‍ക്കു മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.
മന്ത്രി റോഷി അഗസ്റ്റിന്, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, തോമസ് ചാഴികാടന്, ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, എംഎല്‍എമാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.