കാരക്കോണം മെഡി. കോളജ് കോഴക്കേസ്: പരാതിക്കാര്‍ക്കു പണം തിരികെ നല്കി
Tuesday, February 25, 2025 2:13 AM IST
കൊച്ചി: കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളജില്‍ സീറ്റ് വാഗ്ദാനം ചെയ്ത് ഏഴു കോടി രൂപ തട്ടിയ കേസില്‍ പ്രതികളില്‍നിന്നു കണ്ടുകെട്ടിയ പണം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇരകള്‍ക്കു കൈമാറി. വിദ്യാര്‍ഥികളുടെ മാതാപിതാക്കളായ ആറു പേര്‍ക്കാണ് കൊച്ചി ഇഡി യൂണിറ്റ് 89.75 ലക്ഷം രൂപ കൈമാറിയത്.
കേസിന്റെ അന്വേഷണസമയത്ത് പരാതിക്കാര്‍ക്ക് കുറച്ചു പണം നല്‍കിയിരുന്നതായി ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. സിമി പത്രമ്മേളനത്തില്‍ പറഞ്ഞു. ബാക്കി നല്‍കാനുണ്ടായിരുന്ന പണമാണു കൈമാറിയത്. 95.25 ലക്ഷം രൂപയാണ് ഇഡി കണ്ടുകെട്ടിയത്. കേസില്‍ 11 എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്.
എംബിബിഎസ് സീറ്റിനായി പണം നല്കിയ വിദ്യാര്‍ഥികളുടെ മാതാപിതാക്കളായ ഈറോഡ് സ്വദേശി തമിഴരശ്, കാരക്കോണം സ്വദേശി സ്റ്റാന്‍ലി രാജു, കൊല്ലം കുളത്തൂപ്പുഴ സ്വദേശി രാജന് പ്രസാദ്, നാഗര്‍കോവില്‍ സ്വദേശികളായ പോള്‍ സെല്‍വകുമാര്‍, ഇങ്കുദാസ്, ആര്യനാട് സ്വദേശിനി പ്രിയ ജെറാള്‍ഡ് എന്നിവര്‍ ഇഡി കൊച്ചി ഓഫീസിലെത്തി പണം ഡിഡിയായി കൈപ്പറ്റി. ഇവര്‍ കോടതി മുഖേന അപേക്ഷ നല്കിയവരാണ്.
കേസില്‍ ഇനി രണ്ടു പരാതിക്കാര്കൂടി അപേക്ഷ നല്കാനുള്ളതായി ഇഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കേസിന്റെ വിചാരണ തുടങ്ങിയിട്ടില്ല. കേസില്‍ പ്രതികള്‍ക്ക് അനുകൂല വിധിയുണ്ടായാല്‍ പണം തിരികെ നല്‍കണമെന്ന സത്യവാങ്മൂലം ഒപ്പുവച്ചിട്ടാണ് ഇരകള്‍ക്ക് ഡിഡി കൈമാറിയിട്ടുള്ളത്.
ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ കെ. രാധാകൃഷ്ണന്, പി. വിനോദ് കുമാര്‍, സ്പെഷല്‍ പ്രോസിക്യൂട്ടര്‍ എം.ജെ. സന്തോഷ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് 28 വിദ്യാര്‍ഥികളുടെ മാതാപിതാക്കളില്‍നിന്ന് 7.22 കോടിരൂപ കൈപ്പറ്റിയിട്ടും സീറ്റ് നല്‍കാതിരുന്നതാണ് പരാതിക്ക് കാരണം. കഴിഞ്ഞ മേയില്‍ ഇഡി കുറ്റപത്രം നല്‍കിയിരുന്നു. സിഎസ്ഐ സഭാ മുന്‍ അധ്യക്ഷന്‍ ധര്‍മരാജ് റസാലം, ബെനറ്റ് ഏബ്രഹാം എന്നിവരടക്കം നാലുപേരാണ് കേസിലെ പ്രതികള്‍.