കുലച്ച കമുകുകളുടെ മണ്ട വെട്ടിമാറ്റി കെഎസ്ഇബിയുടെ ക്രൂരത
Tuesday, February 25, 2025 2:13 AM IST
പുത്തിഗെ (കാസർഗോഡ്): കമുകിന്‍തോട്ടത്തിലൂടെ കടന്നുപോകുന്ന വൈദ്യുതലൈനില്‍ തട്ടുന്നത് ഒഴിവാക്കാനെന്നപേരില്‍ കുലച്ചുനില്‍ക്കുന്ന മുപ്പതോളം കമുകുകളുടെ മണ്ട വെട്ടിമാറ്റി കെഎസ്ഇബിയുടെ ക്രൂരത.
പുത്തിഗെ ഉജംപദവ് ചക്കണിഗെയിലെ സി. ബാലസുബ്രഹ്മണ്യഭട്ടിന്റെ കൃഷിയിടത്തിലാണ് കെഎസ്ഇബി ജീവനക്കാരുടെ അതിക്രമം. ഭട്ടിന്റെ തന്നെ കൃഷിയിടത്തിലേക്കുള്ള സിംഗിള്‍ ഫേസ് വൈദ്യുതലൈനാണ് കമുകിന്‍തോട്ടത്തിലൂടെ കടന്നുപോകുന്നത്.
രണ്ടു വൈദ്യുത തൂണുകളില്‍ ഒന്നിന്റെ സ്റ്റേ വയര്‍ കാലപ്പഴക്കം മൂലം പൊട്ടിയതിനെ തുടര്‍ന്ന് ഈ തൂണ് അല്പം ചെരിഞ്ഞനിലയിലാണ്. ഇതോടെയാണ് രണ്ടുവരി കമുകുകളുടെ ഇടയിലൂടെ കടന്നുപോയിരുന്ന വൈദ്യുതലൈന്‍ ഒരു വരിയിലെ കമുകുകളെ സ്പര്‍ശിക്കുന്ന നിലയിലായത്.
ഇക്കാര്യം നേരത്തേ പലതവണ ബാലസുബ്രഹ്മണ്യഭട്ട് കെഎസ്ഇബി ഓഫീസില്‍ നേരിട്ടുചെന്ന് അറിയിച്ചിരുന്നു. എന്നാല്‍ തൂണുകള്‍ നേരേയാക്കി വലിച്ചുകെട്ടുന്നതിനുള്ള യാതൊരു നടപടിയും കെഎസ്ഇബിയുടെ ഭാഗത്തുനിന്നുണ്ടായില്ല.
ഇതിനിടയിലാണ് വൈദ്യുതലൈനില്‍ സ്പര്‍ശിക്കുന്ന മരക്കൊമ്പുകള്‍ വെട്ടിമാറ്റാനെത്തിയ ഇതരസംസ്ഥാന തൊഴിലാളികള്‍ സ്ഥലമുടമയായ ഭട്ടിനെപോലും അറിയിക്കാതെ കമുകുകളുടെ മണ്ട വെട്ടിയിട്ടത്.
മികച്ച ഉത്പാദനശേഷിയുള്ള മംഗള ഇനത്തില്‍പെട്ട കമുകുകളാണ് വെട്ടിമാറ്റിയത്. എട്ടുവര്‍ഷം പ്രായമായ കമുകുകള്‍ കഴിഞ്ഞ നാലുവർഷമായി നന്നായി വിളവ് നൽകിയിരുന്നു. അധികം ഉയരം വയ്ക്കാത്ത ഇനങ്ങളായതിനാല് ഇതില്‍ പലതും ലൈനില്‍ സ്പര്‍ശിച്ചിട്ടുപോലും ഉണ്ടായിരുന്നില്ല.
സംഭവത്തില്‍ ബാലസുബ്രഹ്മണ്യഭട്ട് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതുമൂലം തനിക്ക് ചുരുങ്ങിയത് എട്ടുലക്ഷം രൂപയുടെ സാമ്പത്തികനഷ്ടവും കടുത്ത മാനസികപ്രയാസവും ഉണ്ടായതായി പരാതിയില്‍ ചൂണ്ടിക്കാട്ടി. അടിയന്തരമായി നഷ്ടപരിഹാരം അനുവദിക്കണമെന്നും കാരണക്കാരായ കെഎസ്ഇബി ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.