തരൂരിനെ കൊള്ളാനും തള്ളാനും കഴിയാതെ സിപിഎം
Tuesday, February 25, 2025 2:13 AM IST
എം. പ്രേംകുമാർ
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു തയാറെടുത്തു നിൽക്കുന്ന കോണ്‍ഗ്രസിനെയും യുഡിഎഫിനെയും വലിയ പ്രതിസന്ധിയിലാക്കുന്ന നിലപാടുമായി കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം കൂടിയായ ഡോ. ശശി തരൂർ മുന്നോട്ടു പോകുന്പോൾ ആകെ രാഷ്ട്രീയ പരിഭ്രാന്തിയിലാണു കോണ്‍ഗ്രസും സിപിഎമ്മും.
ബിജെപിയാകെട്ടെ ഒന്നും മിണ്ടാതെ മാറിനിൽക്കുന്ന സമീപനമാണു സ്വീകരിക്കുന്നത്. സിപിഎമ്മിൽ തരൂരിനെ വഴിവിട്ടു പിന്തുണയ്ക്കുന്നത്, എതിരാളികൾക്കെല്ലാം ക്രിസ്റ്റൽ ക്ലിയർ പട്ടം നൽകുന്ന പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ എ.കെ. ബാലൻ മാത്രമാണ്. തത്കാലം ശശി തരൂരിന്റെ യാത്ര എങ്ങോട്ടാണെന്നു നീരീക്ഷിച്ചാൽ മാത്രം മതിയെന്ന നിലപാടിലാണു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ബിജെപിയുമായി എന്തെങ്കിലും ചർച്ചകൾ ശശി തരൂർ നടത്തിയിട്ടാണോ ഇങ്ങനെയൊരു കോണ്‍ഗ്രസ് വിരുദ്ധ സമീപനം സ്വീകരിക്കുന്നതെന്ന സംശയവും സിപിഎമ്മിനുണ്ട്.
ഇന്നലെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ശശി തരൂരിനെ തള്ളാതെയാണു കോണ്‍ഗ്രസ് രാഷ്ട്രീയം പറഞ്ഞത്. അതായത് തരൂരിനെയും കൂട്ടിയാൽ മാത്രമേ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അധികാരത്തിലെത്താൻ സാധ്യതയുള്ളൂവെന്നാണു രമേശ് ചെന്നിത്തല കാണുന്നത്. ഇക്കാര്യത്തിൽ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്കും ചെന്നിത്തലയുടെ അഭിപ്രായത്തോടാണു യോജിപ്പ്.
മുഖ്യമന്ത്രിസ്ഥാനാർഥിയാകാൻ ഒരു കുറവും തനിക്കുണ്ടെന്നു ശശി തരൂർ കരുതുന്നില്ല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലിയും അപ്രഖ്യാപിത മുഖ്യമന്ത്രിസ്ഥാനാർഥികളായി ഇപ്പോൾ രംഗത്തുണ്ട്. ശശി തരൂരിന്റെ പേരു കൂടി നിലവിൽ എത്തിയതോടെ ഇതിലെ രാഷ്ട്രീയ ഗുണം ലഭിക്കാൻ പോകുന്നത് ഇടതുമുന്നണിക്കാണെന്ന സംസാരം കോണ്‍ഗ്രസിനുള്ളിലും തുടങ്ങിയിട്ടുണ്ട്.
സംസ്ഥാന സർക്കാരിനെതിരേ നിരവധി വിഷയങ്ങളിൽ സമരവുമായി രംഗത്തുള്ള പ്രതിപക്ഷത്തിനു കഴിഞ്ഞ രണ്ടാഴ്ചയായി ശശി തരൂരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അരാഷ്ട്രീയ നിലപാടുകൾ വളരെ ദോഷം ചെയ്യുന്നുവെന്ന വിലയിരുത്തലാണു നിലവിലുള്ളത്.
കോണ്‍ഗ്രസ് ഹൈക്കമാൻഡും കെപിസിസി നേതൃത്വവും തരൂരിനോടൊപ്പം ഇല്ലെന്ന സൂചന നൽകുന്നുണ്ടെങ്കിലും തരൂരിന്റെ രാഷ്ട്രീയം എന്തെന്നു മനസിലാക്കാൻ സിപിഎം നേതൃത്വത്തിനും ഇതുവരെയും കഴിഞ്ഞിട്ടില്ല.
അതുകൊണ്ടാണു മുഖ്യമന്ത്രി പിണറായി വിജയനോ സിപിഎം പോളിറ്റ് ബ്യൂറോയോ തരൂർ വിഷയത്തിൽ അധികമൊന്നും പ്രതികരിക്കാത്തത്. വരട്ടെ, കാര്യങ്ങൾ പിന്നീടു പറയാമെന്ന നിലപാടു സിപിഎം നേതാക്കൾ സ്വീകരിക്കുന്നതും തരൂരിന്റെ മനസ് പൂർണമായും മനസിലാക്കാൻ സാധിക്കാത്തതു കൊണ്ടാണ്.
കോണ്‍ഗ്രസിനു താൻ പറയുന്നതു ഇപ്പോഴും സ്വീകാര്യമല്ലെന്ന് തോന്നുന്നുവെങ്കിൽ പാർട്ടിക്കു പുറത്തുപോയാലും പറഞ്ഞ കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന ഉറച്ച അഭിപ്രായത്തിലാണു ശശിതരൂർ.
തരൂർ ഇങ്ങനെ ആവർത്തിക്കുന്പോഴും ബിജെപി കേന്ദ്ര നേതാക്കൾ ആരും ഇതുവരെയും പ്രതികരിച്ചു കണ്ടില്ല. സാധാരണയായി ബിജെപിയുടെ സംസ്ഥാന നേതാക്കളെങ്കിലും പ്രതികരിക്കേണ്ടതായിരുന്നു. അങ്ങനെയും സംഭവിച്ചില്ല. ഇവിടെയാണ് എന്തു ചെയ്യണമെന്നറിയാതെ സിപിഎം കേരള നേതൃത്വം പരുങ്ങുന്നത്.
തരൂർ കോണ്‍ഗ്രസിനുള്ളിൽ ഉയർത്തിവിട്ട കാര്യങ്ങൾ രാഷ്ട്രീയമായി ഏറെ ഗുണകരമാകുന്നുവെന്ന സന്തോഷത്തിലാണു സിപിഎം. വരാൻ പോകുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പും 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പുമാണ് ഇടതുമുന്നണിയുടെയും സിപിഎമ്മിന്റെയും പ്രധാന രാഷ്ട്രീയ അജണ്ട.
അടുത്ത മാസം കൊല്ലത്തു നടക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിനു ശേഷം തദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങളാണു സിപിഎം പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. ഇങ്ങനെയൊരു സാഹചര്യത്തിൽ കോണ്‍ഗ്രസിനുള്ളിൽ തരൂർ ഉയർത്തിവിട്ട വിഷയങ്ങൾ കൂടുതൽ ഗുണകരമാകുമെന്ന വിലയിരുത്തലിലാണു സിപിഎം.
ശശി തരൂരിനെ വിമർശിച്ചു ബിജെപിക്കു നേട്ടമുണ്ടാക്കാൻ അവസരമുണ്ടാക്കരുതെന്നാണു കോണ്‍ഗ്രസ് ഹൈക്കമാൻഡ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനു നൽകിയിരിക്കുന്ന നിർദേശം. സിപിഎമ്മും തരൂർ ബിജെപിയിലേക്കു പോകരുതെന്നാണ് ആഗ്രഹിക്കുന്നത്.
ഇതിനിടെ, തരൂരുമായി ബന്ധപ്പെടാൻ ബിജെപി കേന്ദ്ര നേതാക്കൾ ശ്രമിക്കുന്നുണ്ടെന്ന വാർത്തയും പുറത്തുവരുന്നുണ്ട്. ഈ സാഹചര്യത്തിൽ തരൂരിനെ കൂടുതൽ പ്രകീർത്തിച്ചു ബിജെപി പാളയത്തിൽ അദ്ദേഹത്തെ എത്തിക്കേണ്ടതില്ലെന്ന ധാരണയാണു സിപിഎമ്മിനുള്ളിൽ ഉള്ളത്.