ഗോത്രവാസി വിദ്യാര്‍ഥികളെ കുടുംബശ്രീ ഇംഗ്ലീഷ് പഠിപ്പിക്കും
Tuesday, February 25, 2025 2:13 AM IST
ജെവിന്‍ കോട്ടൂര്‍
കോട്ടയം: ഗോത്രവാസി വിദ്യാര്‍ഥികള്‍ക്കു ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം നല്കി തൊഴില്‍ മേഖലകളില്‍ മുന്നിലെത്തിക്കുന്നതിന് കമ്യൂണിക്കോര്‍ പദ്ധതിയുമായി കുടുംബശ്രീ. ഇംഗ്ലീഷ് പ്രാവീണ്യം മെച്ചപ്പെടുത്തി ഭാഷാ പ്രതിസന്ധികള്‍ മറികടക്കാനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ആദിവാസി വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ് പഠിക്കുന്നതിനും ആശയവിനിമയം നടത്തുന്നതിനും വലിയ പരിമിതിയാണ് നേരിടുന്നത്. ഇത് ഉന്നതവിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ ഇവരുടെ പ്രാതിനിധ്യം കുറയാന്‍ കാരണമാകുന്നതിനു പരിഹാരമാണ് ലക്ഷ്യമിടുന്നത്.
അടുത്ത സാമ്പത്തികവര്‍ഷമാണ് പൂര്‍ണതോതില്‍ നടപ്പിലാക്കുന്നതെങ്കിലും ആദ്യഘട്ടമായി ചിലയിടങ്ങളില്‍ ഉടന്‍ ആരംഭിക്കും.
ഇതിനുള്ള മാര്‍ഗരേഖ പൂര്‍ത്തിയാകുന്നതേയുള്ളൂ. ആദ്യഘട്ടം കമ്മ്യൂണിക്കോര്‍ നടപ്പിലാക്കുന്നതു പട്ടികവര്‍ഗ പ്രത്യേക പദ്ധതി, പട്ടികവര്‍ഗ സുസ്ഥിര വികസന പദ്ധതി എന്നിവ നടപ്പിലാക്കുന്ന പ്രദേശങ്ങളിലാണ്.
പത്തനംതിട്ട ജില്ലയിലെ മലമ്പണ്ടാരം സ്പെഷല്‍ പ്രോജക്ട്, ഇടുക്കിയിലെ മറയൂര്‍ കാന്തല്ലൂര്‍, തൃശൂര്‍ കുട്ടമ്പുഴ എറണാകുളം കാടര്‍ സ്പെഷല്‍ പ്രോജക്ട്, പാലക്കാട് പറമ്പിക്കുളം, അട്ടപ്പാടി സ്പെഷല്‍ പ്രോജക്ട്, മലപ്പുറം നിലമ്പൂര്‍, വയനാട് തിരുനെല്ലി നൂല്‍പ്പുഴ പ്രോജക്ട്, കണ്ണൂര്‍ ആറളം, കാസര്‍ഗോഡ് കൊറഗ പ്രോജക്ട് തുടങ്ങിയവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഭാഷാനൈപുണ്യ ശേഷി പരമാവധി പരിപോഷിപ്പിക്കുന്നതിനു സഹായകമാകുന്ന തരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഗുണമേന്മയുള്ള വിദ്യാഭ്യാസം പ്രാപ്യമാക്കാനും ഉന്നതവിദ്യാഭ്യാസവും തൊഴില്‍ അവസരങ്ങളും ആത്മവിശ്വാസത്തോടെ പിന്തുടരാനും തദ്ദേശീയ മേഖലയെ സജ്ജമാക്കുക, തൊഴിലവസരങ്ങള്‍ മെച്ചപ്പെടുത്തുക, ഇംഗ്ലീഷ് പ്രാവീണ്യം മെച്ചപ്പെടുത്തി വിദ്യാര്‍ഥികള്‍ക്കിടയില്‍ സംസാരിക്കാനും എഴുതാനും കഴിവുകള്‍ വികസിപ്പിച്ചെടുക്കുക തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്. നടത്തിപ്പിനായി 14 ജില്ലകളിലും കുടുംബശ്രീ ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കും.