മേജർ സെമിനാരികൾക്ക് പുതിയ റെക്ടർമാർ
Wednesday, February 26, 2025 12:33 AM IST
കൊച്ചി: സീറോമലബാർ സഭയുടെ കേരളത്തിലെ മൂന്നു സിനഡൽ മേജർ സെമിനാരികൾക്ക് പുതിയ റെക്ടർമാർ നിയമിതരായി.
മംഗലപ്പുഴ സെന്റ് ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരിയുടെ റെക്ടറായി റവ.ഡോ. സ്റ്റാന്‍ലി പുല്‍പ്രയില്‍, വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയുടെ റെക്ടറായി റവ. ഡോ. ഡൊമിനിക് വെച്ചൂർ, കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരിയുടെ റെക്ടറായി റവ. ഡോ. മാത്യു പട്ടമന എന്നിവരാണു നിയമിതരായത്.
മംഗലപ്പുഴ സെമിനാരിയുടെ റെക്ടറായി 2024 ഓഗസ്റ്റിൽ നടന്ന സിനഡ് തെരഞ്ഞെടുത്ത ഫാ. സ്റ്റാന്‍ലിയെ വത്തിക്കാനിലെ പൗരസ്ത്യ സഭകൾക്കുവേണ്ടിയുള്ള കാര്യാലയമാണു നിയമിച്ചത്.
പൊന്തിഫിക്കല്‍ സെമിനാരിയായതിനാലാണ് സിനഡ് തെരഞ്ഞെടുക്കുന്ന വൈദികനെ വത്തിക്കാനിൽനിന്നു നിയമിക്കുന്നത്. വടവാതൂർ, കുന്നോത്ത് മേജർ സെമിനാരികളുടെ റെക്ടർമാരായി കഴിഞ്ഞ ജനുവരിയിൽ നടന്ന സിനഡ് തെരഞ്ഞെടുത്ത ഫാ. ഡൊമിനിക്, ഫാ. മാത്യു എന്നിവരെ സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലാണ് നിയമിച്ചത്. അഞ്ചു വർഷമാണ് മൂവരുടെയും നിയമന കാലാവധി.
റവ. ഡോ. സ്റ്റാന്‍ലി പുല്‍പ്രയില്‍
മംഗലപ്പുഴ സെന്റ് ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരിയുടെ റെക്ടറായി നിയമിതനായ റവ. ഡോ. സ്റ്റാന്‍ലി പുല്‍പ്രയില്‍ കോതമംഗലം രൂപതാംഗമാണ്. പോത്താനിക്കാട് പുല്‍പ്രയില്‍ പരേതനായ ജോസഫിന്റെയും ഏലിക്കുട്ടിയുടെയും മകനാണ്. മംഗലപ്പുഴ, കാര്‍മല്‍ഗിരി സെമിനാരികളില്‍ വൈദികപരിശീലനം. 1992 ഡിസംബര്‍ 28ന് പൗരോഹിത്യം സ്വീകരിച്ചു.
റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍നിന്നു ദൈവശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി. കോതമംഗലം രൂപതയുടെ മൈനര്‍ സെമിനാരിയില്‍ നാലു വര്‍ഷം വൈസ് റെക്ടര്‍, പത്തു വര്‍ഷം റെക്ടര്‍, മംഗലപ്പുഴ സെമിനാരിയില്‍ ദൈവശാസ്ത്ര അധ്യാപകന്, പ്രേഷിതകേരളം മാസികയുടെ അസോസിയേറ്റ് എഡിറ്റര്‍, ഫരീദാബാദ് രൂപത വികാരി ജനറാള്‍ എന്നീനിലകളില്‍ സേവനം ചെയ്തിട്ടുണ്ട്. ആറു വര്‍ഷമായി കരിമണ്ണൂര്‍ സെന്റ് മേരീസ് ഫൊറോന വികാരിയായി സേവനം ചെയ്തുവരുന്നതിനിടെയാണ് പുതിയ നിയമനം. മോണ്‍.ജോണ്‍ കരിക്കാട്ടുപറമ്പിലിനൊപ്പം ‘പരിസ്ഥിതിക്ക് ഒരു ദൈവശാസ്ത്രം’ എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. സെന്റ് ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരി കമ്മീഷന് ചെയര്മാന് ബിഷപ് മാര്‍ ടോണി നീലങ്കാവിലാണു നിയമന പ്രഖ്യാപനം നടത്തിയത്. മാര്‍ച്ച് 31 ന് ചുമതലയേല്‍ക്കും.
റവ. ഡോ. ഡൊമിനിക് വെച്ചൂർ
വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയുടെ റെക്ടറായി നിയമിതനായ റവ. ഡോ. ഡൊമിനിക് വെച്ചൂർ പാലാ രൂപതാംഗമാണ്. അറക്കുളം വെച്ചൂർ തോമസ്-ത്രേസ്യാമ്മ ദമ്പതികളുടെ മകനായ ഫാ. ഡൊമിനിക് 1996 ഡിസംബര്‍ 30ന് പൗരോഹിത്യം സ്വീകരിച്ചു.
റോമിലെ അൽഫോൻസിയൻ അക്കാദമിയിൽനിന്ന് മോറൽ തിയോളജിയിൽ ഡോക്ടറേറ്റ് നേടിയ ഫാ. ഡൊമിനിക് വിവിധ തിയോളജിക്കൽ സ്ഥാപനങ്ങളിൽ അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വടവാതൂർ സെമിനാരിയിൽ അധ്യാപകനായി സേവനം ചെയ്തുവരവേയാണ് റെക്ടറായി അദ്ദേഹം നിയമിതനായിരിക്കുന്നത്. സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി കമ്മീഷന് ചെയര്മാന് ആർച്ച്ബിഷപ് മാര്‍ തോമസ് തറയിലാണ് നിയമന പ്രഖ്യാപനം നടത്തിയത്.
റവ. ഡോ. മാത്യു പട്ടമന
കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരി റെക്ടറായി നിയമിതനായ റവ. ഡോ. മാത്യു പട്ടമന തലശേരി അതിരൂപതാംഗമാണ്. കരിക്കോട്ടക്കരി പട്ടമന പരേതനായ തോമസ്-ത്രേസ്യ ദമ്പതികളുടെ മകനായ ഇദ്ദേഹം 1994 ഏപ്രിൽ ഏഴിന് പൗരോഹിത്യം സ്വീകരിച്ചു.
റോമിലെ ആഞ്ചെലിക്കും പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽനിന്ന് ഫിലോസഫിയിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. തലശേരി മൈനർ സെമിനാരിയിൽ അധ്യാപകനായും വിവിധ ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ച ഫാ. മാത്യു 16 വർഷമായി കുന്നോത്ത് സെമിനാരിയിൽ അധ്യാപകനാണ്. മേജർ സെമിനാരി വൈസ് റെക്ടർ, പ്രൊക്യുറേറ്റർ തസ്തികകളിലും സേവനമനുഷ്ഠിച്ചിരുന്നു. ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരി കമ്മീഷന് ചെയര്മാന് ആർച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയാണ് നിയമന പ്രഖ്യാപനം നടത്തിയത്.