അഗളി എൽപി സ്കൂൾവളപ്പിലും പുലി; ജനം ഭീതിയിൽ
Wednesday, February 26, 2025 12:33 AM IST
അഗളി: അഗളി എൽപി സ്കൂൾവളപ്പിലും പുലിസാന്നിധ്യം. ഇന്നലെ രാവിലെ എട്ടുമണിയോടെ സ്കൂളിലെ പാചകത്തൊഴിലാളികളാണു പുലിയെ കണ്ടത്. സ്കൂൾപരിസരത്തു പുലിയെ കണ്ട വാർത്ത പരന്നതോടെ വിദ്യാർഥികളും അധ്യാപകരും ജനങ്ങളും പരിഭ്രാന്തിയിലായി.
അഗളിയിലെ തിരക്കേറിയ പ്രദേശത്തു കെഎസ്ഇബി ഓഫീസിനുസമീപമാണ് എൽപി സ്കൂൾ. അഞ്ഞൂറിലേറെ കുട്ടികൾ പഠിക്കുന്ന സ്കൂൾപരിസരത്താണ് ഇന്നലെ പുലിയെ കണ്ടത്. ജനം തിങ്ങിപ്പാർക്കുന്ന പ്രദേശവുമാണിത്. സ്കൂളിനു പിൻവശം കുറ്റിക്കാടുകളാണ്. ഇവിടെ നടത്തിയ പരിശോധനയിൽ ആടിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി.
തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെയും ആടുകളെയും ഇതിനകം പുലി കൊന്നുതിന്നു. പുലിയെ പിടികൂടുവാൻ വനംവകുപ്പ് അടിയന്തരനടപടികൾ സ്വീകരിക്കണമെന്നു സ്കൂൾ അധികൃതർ ആവശ്യപ്പെട്ടു.