ലക്ഷ്യം സര്‍ക്കാരിനെ അട്ടിമറിക്കല്‍: സിഐടിയു വിഭാഗം ആശ വര്‍ക്കര്‍മാര്‍
Wednesday, February 26, 2025 1:26 AM IST
കോഴിക്കോട്: തലസ്ഥാനനഗരിയില്‍ ഒരു വിഭാഗം ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടാണെന്ന് സിഐടിയു നേതൃത്വം നല്കുന്ന ആശ വര്‍ക്കേഴ്സ് ഫെഡറേഷന്. അനാവശ്യസമരമാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ നടക്കുന്നതെന്നു ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. പ്രേമ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തൊഴിലാളികള്‍ക്കു ഗുണം കിട്ടാന്‍വേണ്ടിയല്ല ഇപ്പോഴത്തെ സമരം. വളരെ ന്യൂനപക്ഷം മാത്രമാണു സമരത്തിൽ പങ്കെടുക്കുന്നത്. സംസ്ഥാനത്തെ 26,117 ആശ വര്‍ക്കര്‍മാരില്‍ 20,355 പേര് സിഐടിയുവിന്റെ കുടക്കീഴിലാണ്. ആശ വര്‍ക്കര്‍മാര്‍ക്ക് എല്ലാവിധ ആനുകൂല്യങ്ങളും നല്‍കിയത് ഇടതുപക്ഷ സര്‍ക്കാരുകളാണ്.
എന്‍എച്ച്എം പ്രോജക്ട് വഴി ആശമാരെ എടുക്കാന്‍ കേന്ദ്രം തീരുമാനിച്ചപ്പോള്‍ കേരളത്തിലെ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ആ സര്‍ക്കുലര്‍ മാറ്റിവച്ചു. പിന്നീട് അധികാരത്തില്‍ വന്ന വിഎസ് സര്‍ക്കാരാണ് 2007-ല്‍ പദ്ധതി നടപ്പാക്കിയത്. തുടർന്നു വന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അഞ്ചു വര്‍ഷംകൊണ്ട് 1000 രൂപയാണ് ഓണറേറിയം അനുവദിച്ചതെങ്കില്‍ കെ.കെ. ശൈലജ മന്ത്രിയായപ്പോള്‍ അഞ്ചുവര്‍ഷം കൊണ്ട് 5000 രൂപ വര്‍ധിപ്പിച്ച് ഓണറേറിയം 6000 രൂപയാക്കി. ഇപ്പോഴത്തെ സര്‍ക്കാര്‍ 7000 രൂപയാക്കി.
ഓണറേറിയം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരും ഇന്‍സെന്റീവ് നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരുമാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി കാരണം ആശമാര്‍ക്ക് ഓണറേറിയം വര്‍ധിപ്പിക്കുന്നതിനു സംസ്ഥാന സര്‍ക്കാറിനു തടസം സൃഷ്ടിച്ചു.
കേന്ദ്രത്തില്‍നിന്നു ലഭിക്കേണ്ട 468 കോടി രൂപയുടെ എന്‍എച്ച്എം ഫണ്ട് നല്‍ക്കാത്തതാണ് ഇന്‍സെന്റീവ് കൃത്യസമയത്ത് നല്‍കാന്‍കഴിയാത്ത സ്ഥിതിവിശേഷമുണ്ടാക്കിയത്. സംസ്ഥാനത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ചാണ് കഴിഞ്ഞ ഒരു വര്‍ഷമായി ഇന്‍സന്റീവ് നല്‍കിയിട്ടുള്ളതെന്ന് അവര്‍ പറഞ്ഞു.
ആശ വര്‍ക്കര്‍മാരുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 27ന് സംസ്ഥാനത്തെ ആദായനികുതി ഓഫീസുകള്‍ക്കു മുന്നിലും 28ന് പാര്‍ലമെന്റിനുമുന്നിലും സമരം നടത്തുമെന്ന് അവര്‍ അറിയിച്ചു. സംസ്ഥാന നേതാക്കളായ സി.സുനിത, ടി. സുനിത, കെ. ശ്രീജ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.