ശരീര സൗന്ദര്യമത്സര ജേതാക്കളെ ജോലിയിൽ നിയമിക്കാനുള്ള നീക്കത്തിന് തിരിച്ചടി
Tuesday, February 25, 2025 2:13 AM IST
തിരുവനന്തപുരം: ശരീരസൗന്ദര്യമത്സര വിജയികളെ സർക്കാരിന്റെ പ്രത്യേക താത്പര്യപ്രകാരം പോലീസിൽ ഇൻസ്പെക്ടർമാരായി നിയമിക്കാനുള്ള നീക്കം പൊളിഞ്ഞു.
ലോക പുരുഷ ശരീര സൗന്ദര്യ മത്സരത്തിലെ വെള്ളി മെഡൽ ജേതാവ് ഷിനു ചൊവ്വയ്ക്കും അന്താരാഷ്ട്ര ബോഡി ബിൽഡിംഗ് ചാന്പ്യൻ ചിത്തരേശ് നടേശനും സർക്കാർ ഇറക്കിയ പ്രത്യേക ഉത്തരവിലൂടെ ജോലി നല്കാനുള്ള നീക്കമാണ് ഇവരുടെ കായികക്ഷമതാ പരിശോധനയിലൂടെ തകർന്നത്.
തിരുവനന്തപുരം എസ്എപി ക്യാന്പിൽ ഇന്നലെ നടന്ന കായികക്ഷമതാ പരിശോധനയിൽ ഷിനു ചൊവ്വ ലോംഗ്ജംപ്, 1500 മീറ്റർ ഓട്ടം, ഹൈജംപ് എന്നിവയിൽ പരാജയപ്പെട്ടു. ചിത്തരേശ് നടേശൻ കായികക്ഷമതാ പരിശോധനയിൽ ഇന്നലെ പങ്കെടുത്തില്ല. ഇതോടെയാണ് ഇവരെ നിയമിക്കാനുള്ള നീക്കത്തിന് തിരിച്ചടിയായത്.
ഇതിനിടെ വീണ്ടും കായികക്ഷമതാ പരിശോധന നടത്തണമെന്ന ആവശ്യം ഉന്നയിച്ച് ഷിനു മുഖ്യമന്ത്രിക്ക് പരാതി നല്കി. ഈ അപേക്ഷ പരിഗണിച്ച് ഒരുവട്ടം കൂടി കായികക്ഷമത പരിശോധന നടത്തുമോ എന്നാണ് അറിയേണ്ടത്.
തന്റെ കായികക്ഷമത പരിശോധന വീഡിയോ പുറത്തുവിടണമെന്നും ഷിനു ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഒളിന്പിക്സ്, ഏഷ്യൻഗെയിംഗ്, ദേശീയ ഗെയിംസ് ഉൾപ്പെടെയുള്ളവയിൽ മത്സര ഇനമായി അംഗീകരിക്കപ്പെട്ട കായിക ഇനങ്ങളിൽ വിജയികളായവർക്കാണ് സംസ്ഥാന സർക്കാർ സാധാരണ ജോലി നല്കുന്നത്.
ഇത്തരത്തിൽ ദേശീയ ഗെയിംസിൽ മെഡൽ നേട്ടം സ്വന്തമാക്കിയ നിരവധിപ്പേർ ജോലിക്കായി അലയുന്പോഴാണ് ദേശീയ ഗെയിംസിൽ മത്സര ഇനം പോലുമല്ലാത്ത വിഭാഗത്തിലെ ആളുകൾക്ക് പോലീസിൽ മികച്ച ജോലി നല്കാനുള്ള മന്ത്രിസഭാ തീരുമാനമുണ്ടായത്.