വാര്‍ഡ് വിഭജനം വേണ്ടെന്ന ഉത്തരവ്: സര്‍ക്കാരിന്റെ അപ്പീല്‍ ഡിവിഷന് ബെഞ്ച് അംഗീകരിച്ചു
Tuesday, February 25, 2025 2:13 AM IST
കൊച്ചി: സംസ്ഥാനത്തെ എട്ട് മുനിസിപ്പാലിറ്റികളിലും ഒരു പഞ്ചായത്തിലും തദ്ദേശ വാര്‍ഡ് പുനര്‍വിഭജനം വേണ്ടെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന് ബെഞ്ച് അംഗീകരിച്ചു.
കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകളിലെ എട്ടു മുനിസിപ്പാലിറ്റികളിലും കാസര്‍ഗോഡ് ജില്ലയിലെ പടന്ന പഞ്ചായത്തിലും വാര്‍ഡ് പുനര്‍വിഭജനം വേണ്ട എന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ കണ്ടെത്തല്‍. എന്നാല്‍, ഇവിടങ്ങളിലും പുനര്‍വിഭജന നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
ജനസംഖ്യക്ക് ആനുപാതികമായി തദ്ദേശ സ്ഥാപനങ്ങളെ പുനര്‍നിര്‍ണയിക്കുന്നതിനും സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിനും സര്‍ക്കാരിനുള്ള അധികാരം ചോദ്യംചെയ്യപ്പെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പുതിയ സെന്‍സസ് വന്നാല്‍ സീറ്റുകള്‍ വീണ്ടും പുനഃക്രമീകരിക്കാനും സര്‍ക്കാരിനാകുമെന്ന് ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖും ജസ്റ്റീസ് പി. കൃഷ്ണകുമാറും ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
തദ്ദേശ സ്ഥാപനങ്ങളിലെ കുറഞ്ഞതും കൂടിയതുമായ അംഗബലം നിഷ്കര്‍ഷിക്കുന്നത് നിയമനിര്‍മാണത്തിലൂടെയാണ്. ഈ മാനദണ്ഡങ്ങള്‍ പാലിച്ച് സീറ്റുകള്‍ പുനര്‍നിര്‍ണയം നടത്താന്‍ സര്‍ക്കാരിന് അധികാരമുണ്ട്.
പുതിയ സെന്‍സസിന് കാത്തുനിന്നാല്‍ പലപ്പോഴും തദ്ദേശ സ്ഥാപനങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിക്കും. വരുമാനവും വിഭവങ്ങളും കണ്ടെത്തുന്നതിന് പ്രതിബന്ധമുണ്ടാകും. അതിനാല്‍ സര്‍ക്കാരിന് മുനിസിപ്പാലിറ്റി, പഞ്ചായത്തീരാജ് നിയമങ്ങളില്‍ നിര്‍ദേശിക്കുന്ന നടപടിക്രമങ്ങളനുസരിച്ച് മുന്നോട്ടു പോകാം.
പുതിയ സെന്‍സസ് വന്നാല്‍, നിഷ്കര്‍ഷിച്ച പരിധിയില്‍ ഒതുങ്ങിനിന്ന് സീറ്റുകളുടെ എണ്ണം വീണ്ടും മാറ്റുകയുമാകാമെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. 2011ലെ സെന്‍സസ് അടിസ്ഥാനമാക്കി രണ്ടുതവണ വാര്‍ഡ് വിഭജനം നടത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബെഞ്ച് നേരത്തേ സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിയത്.
യുഡിഎഫ് പ്രവര്‍ത്തകരുടെ ഹര്‍ജികളിലായിരുന്നു ഉത്തരവ്. ഒരേ സെന്‍സസ് ആധാരമാക്കി വീണ്ടും പുനര്‍നിര്‍ണയം നടത്തിയത് മുനിസിപ്പാലിറ്റി, പഞ്ചായത്തീരാജ് നിയമങ്ങളിലെ വകുപ്പ് 6(2)ന്റെ ലംഘനമാണെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ കണ്ടെത്തല്‍.
എന്നാല്‍, നിയമനിര്‍മാണ സഭയുടെ മാനദണ്ഡങ്ങള്‍ പ്രകാരം സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രവര്‍ത്തിക്കാമെന്ന് ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി.