കുറ്റബോധമില്ലാതെ അഫാൻ
Wednesday, February 26, 2025 1:26 AM IST
തിരുവനന്തപുരം: കുറ്റബോധമൊന്നുമില്ലാതെ വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാൻ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രത്യേക മുറിയിലാണ് ഇയാളെ പാർപ്പിച്ചിരിക്കുന്നത്. ഡോക്ടർമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന അഫാന്റെ അമ്മ ഷെമിയിൽ നിന്നു കൂടുതൽ വിവരങ്ങൾ അറിയാനാകുമെന്ന പ്രതീക്ഷയിലാണു പോലീസ്. അവരുടെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിൽ മാത്രമേ വിവരങ്ങൾ ചോദിച്ചറിയാൻ സാധിക്കുകയുള്ളൂ. കൂട്ടക്കൊലയ്ക്കു പിന്നിലെ യഥാർഥ വിവരങ്ങൾ ഇവരിൽനിന്നു മാത്രമേ കൃത്യമായി അറിയാൻ സാധിക്കൂ.
അന്വേഷണത്തിനായി തിരുവനന്തപുരം റൂറൽ എസ്പി. കെ. സുദർശന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്ന് കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിച്ച തിരുവനന്തപുരം റേഞ്ച് ഐജി ശ്യാംസുന്ദർ പറഞ്ഞു.
റിപ്പർ മോഡൽ കൊലപാതകം പ്രതി നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് ഐജി പറഞ്ഞു. വെഞ്ഞാറമൂട്ടിലെ കടയിൽ നിന്നാണ് കൂട്ടക്കൊല നടത്താൻ ഉപയോഗിച്ച ചുറ്റിക വാങ്ങിയതെന്ന് പോലീസ് പറഞ്ഞു. അഫാനു മാനസികപ്രശ്നങ്ങൾ ഒന്നുമില്ലെന്നു പോലീസ് വ്യക്തമാക്കി.