അഫാൻ ലഹരിവസ്തു ഉപയോഗിച്ചു
Wednesday, February 26, 2025 1:26 AM IST
തിരുവനന്തപുരം: വീട്ടുകാരോടു പണം ആവശ്യപ്പെട്ടിട്ടു നൽകാത്തതിലുള്ള വിരോധമാണ് വെഞ്ഞാറമൂട്ടിൽ കൂട്ടക്കൊല നടത്താൻ അഫാനെ പ്രേരിപ്പിച്ചതെന്നു പോലീസ് കരുതുന്നു. ഇയാൾ ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നതായാണു പ്രാഥമികവിവരമെന്നു പോലീസ് പറഞ്ഞു.
വിദേശത്തുള്ള പിതാവിന്റെ സാമ്പത്തിക ബാധ്യത തീർക്കാൻ വീട്ടുകാരും ബന്ധുക്കളും പണം നൽകാത്തതാണ് കൊലപാതകത്തിനു കാരണമായതെന്ന അഫാന്റെ വിശദീകരണം വിശ്വാസയോഗ്യമായി പോലീസ് കരുതുന്നില്ല. റഹിമിന് സാമ്പത്തികബാധ്യത ഉണ്ടെങ്കിൽ ഇരുപത്തിമൂന്നുകാരനായ മകന്റെ സഹായം തേടാനുള്ള സാധ്യത കുറവാണെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്.
വിദേശത്തുള്ള അഫാന്റെ പിതാവ് റഹിമിൽനിന്നും കുടുതൽ വിവരങ്ങൾ തേടാൻ പോലീസ് നടപടി തുടങ്ങി. തിരുവനന്തപുരം റൂറൽ എസ്പി. സുദർശനന്റെ നിർദേശാനുസരണം ആറ്റിങ്ങൽ ഡിവൈഎസ്പി. മഞ്ജുലാൽ, വെഞ്ഞാറമൂട് എസ്എച്ച്ഒ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.
അഫാൻ ചികിത്സയോടു സഹകരിക്കുന്നില്ലെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. ലഹരി ഉപയോഗം കണ്ടെത്താനായി പ്രതിയുടെ രക്തസാംപിൾ പരിശോധനയ്ക്കെടുത്തു.