ഡോ. സിസ തോമസിന്റെ വിരമിക്കൽ ആനുകൂല്യത്തിൽ സര്‍ക്കാരിന്റെ മെല്ലെപ്പോക്ക്
Wednesday, February 26, 2025 1:26 AM IST
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലാ മുൻ വൈസ് ചാൻസലറും ഉന്നത വിദ്യാഭ്യാസ വകുപ്പ് മുൻ അഡീഷണൽ സെക്രട്ടറിയുമായിരുന്ന ഡോ. സിസ തോമസിന് സർവീസിൽനിന്ന് വിരമിച്ച് രണ്ടു വർഷം പിന്നിട്ടിട്ടും ആനുകൂല്യം നല്‍കാത്തതിനെതിരേ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചിട്ടും സർക്കാരിന്റെ ഭാഗത്തുനിന്നു നടപടിയില്ല.
സിസയ്ക്ക് താത്കാലിക പെൻഷനും, വിരമിക്കൽ ആനുകൂല്യങ്ങളും 25നകം നൽകാനായിരുന്നു അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ്. ഇന്നലെയും ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നു നടപടി ഉണ്ടായില്ല. ഇതോടെ കേസ് അടുത്ത മാസം 10ന് വീണ്ടും പരിഗണിക്കുമ്പോൾ ഇക്കാര്യം സിസ തോമസ് അറിയിക്കും.
സർക്കാർ സ്വീകരിച്ച നടപടികളും അറിയിക്കണം. കോടതിയലക്ഷ്യം ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നേക്കും.ഡോ. സിസ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യം വിരമിക്കൽ ആനുകൂല്യം വൈകിയതുമൂലം ആനുകൂല്യം പലിശ ഉൾപ്പെടെ നല്‍കണമെന്നതാണ്.
വിരമിക്കൽ ആനുകൂല്യം വൈകിക്കാൻ കാരണക്കാരായ ഉദ്യോഗസ്ഥരിൽ നിന്ന് ഈ പണം ഈടാക്കണമെന്ന ആവശ്യവും ഇവർ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നല്കിയ പരാതിയിൽ ഉന്നയിച്ചതായാണ് സൂചന. അർഹമായ ആനുകൂല്യങ്ങൾക്കായി സുപ്രീംകോടതി വരെ നിയമയുദ്ധം നടത്തേണ്ടിവന്നിരുന്നു ഡോ.സിസ തോമസിന്.
അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ വിരമിക്കൽ ആനുകൂല്യം രണ്ടാഴ്ചയ്ക്കുള്ളിൽ നല്‍കണമെന്ന ഉത്തരവിട്ടിരുന്നു. ഈ കാലാവധിയാണ് ഇന്നലെ അവസാനിച്ചത്.