തദ്ദേശ ഉപതെരഞ്ഞെടുപ്പ് ; എൽഡിഎഫ്-17, യുഡിഎഫ്-12, എസ്ഡിപിഐ-1,
Wednesday, February 26, 2025 12:34 AM IST
തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുൻതൂക്കം. സംസ്ഥാനത്തെ 30 തദ്ദേശ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥികൾ 17 ഇടത്ത് വിജയിച്ചു.
യുഡിഎഫ് 12 സീറ്റുകൾ നേടി. രണ്ടു സിറ്റിംഗ് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തതായും എൽഡിഎഫിന് മൂന്നു സീറ്റ് നഷ്ടമായതായും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. എസ്ഡിപിഐ ഒരു സീറ്റിലും വിജയിച്ചു.
ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ച 30 സീറ്റുകളിൽ രണ്ട് എണ്ണത്തിൽ എൽഡിഎഫ് എതിരില്ലാതെ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കാസർഗോഡ് മടിക്കൈ ഗ്രാമപഞ്ചായത്തിലെ കോളിക്കുന്ന്, കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിലെ പള്ളിപ്പാറ വാർഡുകളിൽ സിപിഎം പ്രതിനിധികളാണ് എതിരില്ലാതെ ജയിച്ചത്.
തിരുവനന്തപുരം കോർപറേഷനിലെ ശ്രീവരാഹം വാർഡിൽ എൽഡിഎഫിലെ വി. ഹരികുമാർ (സിപിഐ) എട്ടു വോട്ടുകൾക്കാണ് തൊട്ടടുത്ത ബിജെപി സ്ഥാനാർഥിയെ പരാജയപ്പെടുത്തി സീറ്റ് നിലനിർത്തിയത്. തിരുവനന്തപുരം കരുംകുളം ഗ്രാമപഞ്ചായത്ത് കൊച്ചുപള്ളി വാർഡിൽ കോണ്‍ഗ്രസിലെ സേവ്യർ ജറോണ്‍ സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തു.
പൂവച്ചൽ ഗ്രാമപഞ്ചായത്ത് പുളിങ്കോട് വാർഡിൽ സിപിഎമ്മിലെ സെയ്ദ് സബർമതി ജയിച്ചു. പാങ്ങോട് ഗ്രാമപഞ്ചായത്ത് പുലിപ്പാറയിൽ എസ്ഡിപിഐയിലെ മുജീബ് പുലിപ്പാറ വിജയിച്ചു. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണ് എസ്ഡിപിഐ പിടിച്ചെടുത്തത്.
ഉപതെരഞ്ഞെടുപ്പു നടക്കേണ്ട നിലന്പൂർ നിയമസഭാ മണ്ഡലത്തിലുൾപ്പെടുന്ന കരുളായി ഗ്രാമപഞ്ചായത്തിലെ ചക്കിട്ടാമല വാർഡിൽ 397 വോട്ടിന് യുഡിഎഫ് സ്ഥാനാർഥി വിജയിച്ചു.
എൽഡിഎഫ് കക്ഷിനില
സിപിഎം-13,
സിപിഐ-2,
കേരളകോണ്‍ഗ്രസ്-എം-1,
ഇടതു സ്വതന്ത്ര- 1
യുഡിഎഫ് കക്ഷിനില
കോണ്‍ഗ്രസ്-10,
മുസ്ലിം ലീഗ്-1,
കേരള കോണ്‍ഗ്രസ്-1
എസ്ഡിപിഐ- 1.