വാഹൻ സെർവർ തകരാറിൽ; വാഹനസംബന്ധമായ സേവനങ്ങൾ തടസപ്പെട്ടു
Wednesday, February 26, 2025 12:34 AM IST
കണ്ണൂർ: വാഹൻ സെർവർ തകരാറിലായതോടെ സംസ്ഥാനത്ത് വാഹനസംബന്ധമായ സേവനങ്ങൾ തടസപ്പെട്ടു.
വാഹനങ്ങളുടെ ഫിറ്റ്നസ്, പെർമിറ്റ്, പുകപരിശോധന തുടങ്ങിയ സേവനങ്ങളെല്ലാം നിലച്ചിരിക്കുകയാണ്. കഴിഞ്ഞ അഞ്ചുദിവസമായി വാഹൻ സൈറ്റ് പ്രവർത്തിക്കുന്നില്ല. പുകപരിശോധനാ സർട്ടിഫിക്കറ്റ് തീയതി കഴിഞ്ഞവരും പെർമിറ്റ് മാറേണ്ടവരും ഫിറ്റ്നസ് പുതുക്കേണ്ടവരും ഇതോടെ ആശങ്കയിലാണ്.
എല്ലാ സംസ്ഥാനങ്ങളിലും മോട്ടോർ വാഹന സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഐടി അധിഷ്ഠിതമായി രൂപകല്പന ചെയ്തിട്ടുള്ള സോഫ്റ്റ്വേറാണ് വാഹൻ.
കേരളത്തിൽ നേരത്തേ ഉപയോഗിച്ചിരുന്നത് സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിന്റെ സ്മാർട്ട് മൂവ് എന്ന സോഫ്റ്റ്വയറായിരുന്നു. എന്നാൽ, കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരമാണ് എല്ലാ സംസ്ഥാനങ്ങളും മോട്ടോർ വാഹന വകുപ്പിന്റെ വാഹൻ എന്ന സോഫ്റ്റ്വേറിലേക്കു മാറിയത്.
ഓൺലൈൻ സംവിധാനം നിലവിൽ വന്നതുമുതൽ ഇടയ്ക്കിടെ തടസങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും ഇത്രയും നീണ്ട ദിവസങ്ങളിൽ യാതൊരു മുന്നറിയിപ്പും ഇല്ലാതെ തുടർച്ചയായി പ്രവർത്തനം നടത്താൻ സാധിക്കാത്തത് ആദ്യമായാണ്.