"അനുനയ’ പ്രഖ്യാപനം
Saturday, January 18, 2025 2:06 AM IST
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ നഷ്ടപരിഹാരം നൽകാത്ത കേന്ദ്രസർക്കാർ നടപടിയെ വിമർശിക്കാതെ പുതിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നയപ്രഖ്യാപനം.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് പ്രത്യേക ഫണ്ട് അനുവദിക്കാത്ത കേന്ദ്ര നടപടിയിലും വിമർശനമില്ല. ഗവർണർക്ക് സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചു നൽകിയ നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രസർക്കാരിനെതിരേയുള്ള വിമർശനം പരമാവധി മയപ്പെടുത്തുകയായിരുന്നു.
വയനാട് ടൗണ്ഷിപ്പ് ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്നും മേപ്പാടി ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനും ദുരന്തപ്രതിരോധ ശേഷിയുള്ള കേരളം കെട്ടിപ്പടുക്കാനുള്ള സംരംഭങ്ങൾ ഏറ്റെടുക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു.
കേന്ദ്ര സർക്കാർ സഹായത്തോടെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ചെറുക്കുന്നതിന് സാധ്യമായ എല്ലാ നടപടിയും ഏറ്റെടുക്കുമെന്നും പ്രഖ്യാപനത്തിലുണ്ട്. വയനാട് പുനരധിവാസത്തിന് ആവശ്യമായ നഷ്ടപരിഹാരം നൽകാത്ത കേന്ദ്രസർക്കാരിനെതിരേ സംസ്ഥാനം കടുത്ത വിമർശനം ഉന്നയിക്കുന്നതിനിടെയാണ് ഗവർണറുടെ നയപ്രഖ്യാപനത്തിൽ ഇക്കാര്യം ഉൾപ്പെടുത്താതിരുന്നത്.
സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകരിച്ച് ഗവർണർക്കു നൽകിയ നയപ്രഖ്യാപനം പൂർണമായും ആർലേക്കർ വായിച്ചിരുന്നു. സർക്കാരുമായി യുദ്ധത്തിനില്ല, സഹകരണത്തിൽ മുന്നോട്ടു പോകാൻ തയാറാണെന്ന സന്ദേശം നൽകുന്നതിനിടെയാണ് നയപ്രഖ്യാപനത്തിൽ കേന്ദ്ര വിമർശനം മയപ്പെടുത്തിയത്.
ഒരു മണിക്കൂർ 56 മിനിറ്റ് നീണ്ട നയപ്രഖ്യാപന പ്രസംഗത്തിൽ വിഴിഞ്ഞം രാജ്യാന്തര തുറമുഖം പൂർണതയിൽ എത്തിക്കാൻ കേന്ദ്രസർക്കാർ പ്രത്യേക ഫണ്ടിനത്തിൽ അനുവദിക്കേണ്ട 5,000 കോടി നൽകാത്തതും വിഷയമായില്ല. വിഴിഞ്ഞം പദ്ധതിക്കുള്ള വിജിഎഫ് തുക വായ്പയാക്കി മാറ്റിയതു മാത്രമാണു പരാമർശിച്ചത്.
ജിഎസ്ടി നഷ്ടപരിഹാരം നിർത്തലാക്കിയതിലൂടെ കുറഞ്ഞ റവന്യു കമ്മി ഗ്രാന്റിന്റെ ഫലമായി സാന്പത്തികമായി കേരളം ഞെരുക്കം അനുഭവിക്കുകയാണ്. ധനകാര്യ കമ്മീഷനുമായി നടത്തിയ ചർച്ചയിൽ സംസ്ഥാനം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനാകുമെന്ന ശുഭപ്രതീക്ഷയാണുള്ളതെന്നും പറയുന്നു.
കേന്ദ്രവുമായി ചേർന്ന് ദേശീയപാത വികസനം പുരോഗമിക്കുകയാണെന്നും പറഞ്ഞു. ദേശീയപാതയ്ക്കായുള്ള ഭൂമിയേറ്റെടുക്കലിന്റെ ചെലവ് സംസ്ഥാനത്തിന്റെ പൊതുകടത്തിന്റെ പരിധിൽ ഉൾപ്പെടുത്തിയതിനെ വിമർശിച്ചു. ഈ സമീപനം വൻകിട പദ്ധതികളെ പിന്തുണയ്ക്കുന്നതിൽ നിന്ന് കേരളത്തെ പിന്തിരിപ്പിക്കും. കടമെടുപ്പു പരിധി വെട്ടിക്കുറച്ച നടപടിയേയും നയപ്രഖ്യാപനത്തിൽ പരോക്ഷമായി വിമർശിച്ചു.