കൃഷി പ്രിൻസിപ്പൽ സെക്രട്ടറി ; ഡോ. ബി. അശോകിന് തുടരാന്‍ സിഎടി അനുമതി
Saturday, January 18, 2025 2:06 AM IST
കൊച്ചി: കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും കാര്‍ഷികോത്പാദന കമ്മീഷണറായും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ.ബി.അശോകിന് തുടരാന്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ (സിഎടി) അനുമതി.
ഡോ.അശോകിനെ തദ്ദേശ ഭരണ പരിഷ്കരണ കമ്മീഷന് അധ്യക്ഷ സ്ഥാനത്തേക്ക് മാറ്റിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് മരവിപ്പിച്ചാണ് ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവ്.
സ്ഥലംമാറ്റം ചട്ടവിരുദ്ധമാണെന്ന് ആരോപിച്ച് അശോക് നല്കിയ ഹര്‍ജിയാണ് ജസ്റ്റീസ് എ.ഹരിപാല്‍ അധ്യക്ഷനും വി.രമ മാത്യു അംഗവുമായ ട്രൈബ്യൂണല്‍ പരിഗണിച്ചത്.
തദ്ദേശ ഭരണപരിഷ്കരണ കമ്മീഷന് ഔപചാരികമായി രൂപീകരിക്കുകയോ സ്റ്റാഫ് ഘടന നിശ്ചയിക്കുകയോ ചെയ്തിട്ടില്ലെന്നും അതിനുമുമ്പാണ് നിര്‍ബന്ധിത സ്ഥലം മാറ്റമെന്നും ഡോ. അശോക് വാദിച്ചു.
ഐഎഎസ് കേഡറിന് പുറത്തുള്ള തസ്തികയിലേക്ക് മാറ്റുമ്പോള്‍ ഉദ്യോഗസ്ഥന്റെ സന്നദ്ധത ചോദിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് പാലിച്ചില്ല. കമ്മീഷന് അധ്യക്ഷപദം പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു തുല്യമായ പദവിയല്ലെന്നും അശോക് വാദിച്ചു. ഹര്‍ജിയില്‍ പിന്നീട് വിശദമായ വാദം കേള്‍ക്കും. എതിര് സത്യവാങ്മൂലം നല്‍കാനും സർക്കാരിനോട് സിഎടി നിര്‍ദേശിച്ചു.
ടിങ്കു ബിസ്വാളിനെ നിയമിച്ച ഉത്തരവ് അസാധുവായി
തിരുവനന്തപുരം: ഡോ. ബി. അശോകിനെ മാറ്റിയതിനു പിന്നാലെ കൃഷി വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറിയുടെ ചുമതല ടിങ്കു ബിസ്വാളിനു നൽകിയ സർക്കാർ നടപടി അസാധുവായി. കൃഷി വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റി തദ്ദേശ സ്വയംഭരണ പരിഷ്കരണ കമ്മീഷനായി നിയമിച്ച നടപടി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഇന്നലെ സ്റ്റേ ചെയ്ത സാഹചര്യത്തിലാണിത്.