ആനവേട്ട കേസ് പ്രതികൾക്ക് നാലു വർഷം തടവ്
Saturday, January 18, 2025 2:06 AM IST
കോതമംഗലം: കുട്ടമ്പുഴ ആനവേട്ട കേസിലെ പ്രതികൾക്ക് നാലു വർഷം കഠിന തടവും 15000 രൂപ പിഴയും ശിക്ഷ.
ഒന്നാം പ്രതി കുട്ടമ്പുഴ മാമലക്കണ്ടം കുരുവിപ്പുറത്ത് അജി, സഹോദരനും അഞ്ചാം പ്രതിയുമായ ബാബു, മൂന്നാം പ്രതി കുട്ടമ്പുഴ മാമലക്കണ്ടം കുരുവിപ്പുറത്ത് ഷാജി എന്നിവർക്കാണ് കോതമംഗലം ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഇ.എൻ. ഹരിദാസൻ ശിക്ഷ വിധിച്ചത്.
കുട്ടമ്പുഴ റേഞ്ചിലെ ആനക്കുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള കത്തിപ്പാറ റിസർവ് വനത്തിൽനിന്ന് ആറു വയസുള്ള കൊമ്പനാനയെ വെടിവച്ചു കൊന്ന് ആനക്കൊമ്പ് ശേഖരിച്ചു വില്പന നടത്താൻ ശ്രമിച്ച കേസിലാണു ശിക്ഷ. 2009 ജൂലൈ 17നാണ് പ്രതികൾ പിടിയിലായത്.
വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 51 പ്രകാരം മൂന്നു വർഷം കഠിന തടവ്, 10000 രൂപ വീതം പിഴ, വനത്തിൽ അതിക്രമിച്ചുകടന്നതിന് വനനിയമ പ്രകാരം ഒരു വർഷം കഠിന തടവ്, 5000 രൂപ പിഴ എന്നിവയാണു പ്രതികൾക്കുള്ള ശിക്ഷ.