ചേന്ദമംഗലം കൂട്ടക്കൊല; നൊന്പരക്കാഴ്ച്ചയായി അന്ത്യയാത്ര
Saturday, January 18, 2025 2:06 AM IST
പറവൂര്‍: ചേന്ദമംഗലത്ത് നരാധമന്റെ കൊലക്കത്തിക്കിരയായവർക്കു നാടിന്റെ അന്ത്യാഞ്ജലി. അപ്രതീക്ഷിത കൊലപാതകത്തിന്റെ നടുക്കത്തില്‍നിന്ന് മുക്തമായില്ലെങ്കിലും നാട് ഒന്നടങ്കം എത്തിയാണു കൊല്ലപ്പെട്ട കാട്ടിപറമ്പില്‍ വേണു (65), ഭാര്യ ഉഷ (58), മകള്‍ വിനീഷ(32) എന്നിവരെ യാത്രയാക്കിയത്. രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ നിന്നടക്കം നിരവധിപേര്‍ സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുത്തു.
കൊലപാതകത്തിനു പിന്നാലെ വീട് പോലീസ് സീല്‍ ചെയ്തതിനാൽ കരിമ്പാടത്ത് വിനീഷയുടെ സഹോദരിയുടെ വീട്ടിലേക്കാണ് മൃതദേഹങ്ങള്‍ എത്തിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിനീഷയുടെ ഭര്‍ത്താവ് ജിതിന് ബോസിന് പ്രിയപ്പെട്ടവരെ അവസാനമായി കാണാന്‍ കഴിഞ്ഞില്ല. വൈകാരിക രംഗങ്ങള്‍ക്കു സാക്ഷ്യം വഹിച്ച കരിമ്പാടത്തെ വീട്ടില്‍ ജിതിന്റെയും വിനീഷയുടെയും മക്കളായ ആരാധ്യയും അവനിയും നൊമ്പരക്കാഴ്ചയായി.
രാവിലെ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റി. നടപടികള്‍ പൂര്‍ത്തിയാക്കി ഉച്ചകഴിഞ്ഞ് 3.20 ഓടെയാണ് മൂവരുടെയും മൃതദേഹങ്ങള്‍ കരിമ്പാടത്തെ വീട്ടിലെത്തിച്ചത്. മൃതദേഹത്തിനരികിലേക്ക് അലമുറയിട്ടെത്തിയ ആരാധ്യയെയും അവനിയെയും ആശ്വസിപ്പിക്കാന്‍ കൂടിനിന്നവര്ക്കായില്ല. ബന്ധുക്കളുടെയും നിയന്ത്രണം നഷ്ടപ്പെട്ടതോടെ വീട് സങ്കടക്കടലായി. വൈകാതെ കുട്ടികളെ മൃതദേഹത്തിനരികില്‍ നിന്നു മാറ്റിയെങ്കിലും വൈകുന്നേരം അഞ്ചോടെ മൃതദേഹങ്ങള്‍ എടുക്കുന്നതിനു മുമ്പായി അന്ത്യചുംബനം നല്കാന് വീണ്ടുമെത്തിച്ചു. ഈ സമയം വീട്ടില്‍ കൂട്ടക്കരച്ചിലുയർന്നു. പൊതുദര്‍ശനം പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ഓച്ചംതുരുത്ത് പൊതുശ്മശാനത്തില്‍ സംസ്കരിച്ചു.
പ്രതിപക്ഷനേതാവ് വി.ഡി. സതീശന്, മുന്‍ മന്ത്രി എസ്. ശര്‍മ്മ, പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വം, ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനില്‍ കുമാര്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
ഋതു ലക്ഷ്യം വച്ചത് ജിതിനെ
കൊച്ചി: ചേന്ദമംഗലത്തെ കൂട്ടക്കൊലയില്‍ പ്രതി ഋതു ലക്ഷ്യം വച്ചത് മരിച്ച വിനീഷയുടെ ഭര്‍ത്താവ് ജിതിന് ബോസിനെ. ജിതിന് തന്നെയും വീട്ടുകാരെയും കുറിച്ച് അധിക്ഷേപം പറഞ്ഞതിനാലും തന്റെ സഹോദരിയെക്കുറിച്ചു മോശമായി പറഞ്ഞതിനാലുമാണ് ആക്രമണം നടത്തിയതെന്നാണ് ഋതു പോലീസിനു നല്കിയ മൊഴി.
ഈ വിരോധമാണ് ആക്രമണത്തിലേക്കു നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തലും. ജിതിനെ ലക്ഷ്യമിട്ടാണ് ഋതു വീട്ടിലേക്ക് എത്തിയത്. എന്നാല്‍ മറ്റുള്ളവര്‍ തടയാന്‍ ശ്രമിച്ചതോടെ ഇവരെ ആക്രമിക്കുകയായിരുന്നു.
ജിതിനുമായി ചില തര്‍ക്കങ്ങള്‍ നേരത്തേ മുതല്‍ ഉണ്ടെന്നാണ് പ്രതി പോലീസിനോടു വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം സ്ഥിരം ലഹരിക്കടിമയായ പ്രതിക്കെതിരേ മുമ്പ് പോലീസില്‍ പരാതി നല്കിയിട്ടു കാര്യമായി നടപടിയുണ്ടായില്ലെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.
ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് വേണുവിന്റെ വീട്ടിലെ ഗേറ്റ് തല്ലിത്തകര്‍ത്ത സംഭവത്തില്‍ ഋതുവിനെതിരേ പോലീസില്‍ പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് വേണുവിന്റെ വീട്ടില്‍ സിസിടിവി കാമറ സ്ഥാപിച്ചു.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഋതു 2021 മുതല്‍ പോലീസിന്റെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ്. അരുംകൊലയ്ക്കു മുമ്പ് ഇയാള്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് പോലീസ്
കൊച്ചി: പറവൂര്‍ ചേന്ദമംഗലം കൂട്ടക്കൊല കേസ് മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണന്റെ നേതൃത്വത്തില്‍ 17 അംഗസംഘം അന്വേഷിക്കും. കൂട്ടക്കൊല നടന്ന വേണുവിന്റെ വീട്ടില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം എത്തി വിവരങ്ങള്‍ ശേഖരിച്ചു. സ്ഥലത്ത് ഡോഗ് സ്ക്വാഡും ഫോറന്‍സിക് സംഘവും പരിശോധന നടത്തി. ലഹരിക്ക് അടിമയായിരുന്ന പ്രതിയുടെ വീട്ടിലും അന്വേഷണസംഘമെത്തി പരിശോധിച്ചു. അതേസമയം പ്രതി ഋതുവിന് മാനസിക പ്രശ്നങ്ങളില്ലെന്ന് പോലീസ് പറഞ്ഞു.
പ്രതിയുടെ പശ്ചാത്തലവും ആക്രമണത്തിനു പിന്നിലെ മറ്റു കാരണങ്ങളടക്കം അന്വേഷണസംഘം വിശദമായി പരിശോധിച്ചു വരികയാണ്.
ആക്രമണം ഇരുമ്പു പൈപ്പ് ഉപയോഗിച്ച്
ഇരുമ്പു പൈപ്പ് ഉപയോഗിച്ചാണ് പ്രതി ഋതു ആക്രമണം നടത്തിയത്. വീട്ടിലേക്ക് അതിക്രമിച്ചെത്തി വാക്കേറ്റം നടക്കുന്നതിനിടെ ആക്രമണം നടത്തുകയായിരുന്നു. ജിതിന് ബോസിനെ ലക്ഷ്യം വച്ചാണ് പ്രതി എത്തിയതെങ്കിലും തടയാനെത്തിയ വേണുവിനെയും ഭാര്യ ഉഷ, മകള്‍ വിനീഷ എന്നിവരെയും ക്രൂരമായി ആക്രമിക്കുകയായിരുന്നു.
വിനീഷയാണ് ആദ്യം വീടിനു പുറത്തെത്തിയത്. ഇവരെ തലയ്ക്കടിച്ചു വീഴ്ത്തിയതിനു പിന്നാലെ പുറത്തെത്തിയ ജിതിനെ തലയ്ക്കടിക്കുകയും കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഈ ബഹളം കേട്ടാണ് വേണുവും ഭാര്യയും എത്തിയത്. ഇവരെയും തലയ്ക്കടിച്ച് ആക്രമിച്ച പ്രതി ജിതിന്റെ സ്കൂട്ടറിലാണ് സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞത്.
കുട്ടികളുടെ അലമുറ കേട്ടെത്തിയ ജിതിന്റെ സുഹൃത്തുക്കളാണ് നാലുപേരെയും ആശുപത്രിയില്‍ എത്തിച്ചത്. രക്തത്തിൽ കുളിച്ച് തല പിളര്‍ന്ന നിലയില്‍ വീടിന്റെ ഹാളിലാണ് നാലുപേരും കിടന്നിരുന്നത്. അക്രമി ഇരുമ്പുവടിയുമായി അയല്‍വീട്ടിലേക്ക് പോകുന്നതു കണ്ട ഇയാളുടെ അമ്മ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും ഇവരെ പുറത്താക്കി വാതിലുകള്‍ അടച്ച ശേഷമാണ് അക്രമണം നടത്തിയത്.
കൊല്ലപ്പെട്ടവരുടെ തലയില്‍ ആഴത്തില്‍ മുറിവുണ്ടെന്നാണ് എഫ്ഐആറിലുള്ളത്. വേണുവിന്റെ തലയില്‍ ആറു തവണ അടിയേറ്റേന്നും ആറ് മുറിവുകള്‍ ഇന്‍ക്വസ്റ്റില്‍ കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു.
കുറ്റബോധമില്ലാതെ പ്രതി; ക്രിമിനല്‍വാസന ചെറുപ്പം മുതലേ
കൊച്ചി: കുറ്റബോധം തെല്ലുമില്ലാതെയാണ് പ്രതി ഋതു പോലീസിനോട് കാര്യങ്ങള്‍ വിവരിച്ചത്. ചോദ്യം ചെയ്യലിന്റെ ഒരുഘട്ടത്തില്‍പ്പോലും പ്രതിക്ക് കുറ്റബോധം തോന്നിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. തന്റെ കുടുംബത്തെ നിരന്തരം അധിക്ഷേപിച്ചതും സഹോദരിക്കെതിരേ ജിതിന് മോശം പറഞ്ഞതും മാത്രമാണ് ആക്രമണത്തിനു കാരണമായി പ്രതി പോലീസിനോട് പറഞ്ഞിട്ടുള്ളത്.
ആക്രമണ സമയത്ത് പ്രതി മദ്യപിച്ചിരുന്നില്ലെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. അതേസമയം മറ്റു രാസലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നോ എന്നറിയാന്‍ രക്തസാമ്പിള്‍ പോലീസ് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പ്രതി ചെറുപ്പം മുതലേ ക്രിമിനല്‍ വാസന പ്രകടിപ്പിച്ചിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.
പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനെത്തുടര്ന്ന് പലരും പോലീസില്‍ പരാതി നല്‍കിയിരുന്നെന്നും എന്നാല്‍ മാനസികരോഗമുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി രക്ഷപ്പെടുന്നതാണ് ഇയാളെ രീതിയെന്നും നാട്ടുകാര്‍ പറഞ്ഞു.
ആക്രമണത്തിനുശേഷം ജിതിന് ബോസിന്റെ സ്കൂട്ടറില്‍ രക്ഷപ്പെട്ട പ്രതിയെ പട്രോളിംഗിനിടെ വടക്കേക്കര പോലീസാണു പിടികൂടിയത്. സിഗരറ്റ് വലിച്ച് ഹെല്‍മറ്റ് വയ്ക്കാതെ സ്കൂട്ടര്‍ എടുക്കുന്ന പ്രതിയെ കണ്ടു സംശയം തോന്നിയ പോലീസ് ചോദ്യം ചെയ്തതോടെ ആക്രമണവിവരം പ്രതി പോലീസിനോട് പറയുകയായിരുന്നു. താന്‍ പോലീസ് സ്റ്റേഷനിലേക്ക് വരാന്‍ തുടങ്ങുകയായിരുന്നുവെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.