ഉമ തോമസ് നടന്നുതുടങ്ങി, ഓരോ ചുവടും കരുതലോടെ
Saturday, January 18, 2025 2:06 AM IST
കൊച്ചി: കലൂര് നെഹ്റു സ്റ്റേഡിയത്തിൽ നൃത്തപരിപാടിക്കിടെ വീണു പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു.
ആശുപത്രിയിൽ ഡോക്ടറുടെ കൈപിടിച്ചു നടക്കുന്നതിന്റെയും സന്തോഷം പങ്കുവയ്ക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നു. ചിരിച്ചുകൊണ്ട് ആശ്വാസത്തോടെ ഡോക്ടറോടു നന്ദി പറയുന്നതും വീഡിയോയിലുണ്ട്.
ആരോഗ്യനില മെച്ചപ്പെട്ട ഉമ തോമസിന് ഒരാഴ്ചയ്ക്കകം ആശുപത്രി വിടാനാകുമെന്ന് പാലാരിവട്ടം റിനൈ മെഡിസിറ്റിയിലെ ഡോക്ടർമാർ അറിയിച്ചു. വീട്ടിലേക്കു മടങ്ങിയാലും ഏതാനും നാൾകൂടി പൂർണവിശ്രമം വേണ്ടിവരും.
കഴിഞ്ഞ ഡിസംബർ 29നാണ് കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ ഉമ തോമസിന് വീണു പരിക്കേറ്റത്. ഗാലറിയിൽ താത്കാലികമായി കെട്ടിയുണ്ടാക്കിയ വേദിയിൽനിന്ന് 15 അടി താഴേക്കായിരുന്നു വീഴ്ച. തലച്ചോറിനും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു.
മുഖ്യമന്ത്രി സന്ദർശിച്ചു
കൊച്ചി: വീണു പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. എംഎൽഎയെ മുറിയിലെത്തി കണ്ട മുഖ്യമന്ത്രി വിവരങ്ങൾ തിരക്കി.
മെഡിക്കൽ ബോർഡ് രൂപീകരിച്ചതുൾപ്പടെ തന്റെ ചികിത്സയ്ക്കായി നടത്തിയ ഇടപെടലുകൾക്ക് ഉമ തോമസ് മുഖ്യമന്ത്രിയോട് നന്ദി പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം ധനമന്ത്രി കെ.എൻ. ബാലഗോപാൽ, സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ, സിപിഎം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ എന്നിവരും ആശുപത്രിയിലെത്തിയിരുന്നു. മക്കളായ വിവേക്, വിഷ്ണു, ഡോക്ടർമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.
കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയ മന്ത്രി ആർ.ബിന്ദുവിനോട് ഉമ തോമസ് വീഡിയോ കോളിലൂടെ സംസാരിച്ചിരുന്നു.