സ്വകാര്യ ബ്രൂവറി കന്പനിയെ പാലക്കാട്ട് കാലുകുത്താൻ അനുവദിക്കില്ല: എംപി
Saturday, January 18, 2025 2:06 AM IST
പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തനാനുമതി നല്കിയ സ്വകാര്യ ബ്രൂവറി കമ്പനിയെ പാലക്കാട് കാലുകുത്താന്‍ അനുവദിക്കില്ലെന്നു വി.കെ. ശ്രീകണ്ഠന് എംപി. രൂക്ഷമായ വരള്‍ച്ച അഭിമുഖീകരിക്കുന്ന പ്രദേശത്തു പുതിയ ബ്രൂവറീസും ഡിസ്റ്റിലറിയും തുടങ്ങാനുള്ള നീക്കത്തിനെതിരേ ശക്തമായ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കും.
പഞ്ചായത്തിന്റെ കുടിവെള്ളപദ്ധതി പോലുമില്ലാത്ത ഇടത്താണ് ആല്‍ക്കഹോള്‍ നിര്‍മാണ ഫാക്ടറിക്ക് അനുമതി നല്‍കിയിരിക്കുന്നത്. ജില്ലയെ പ്രതിനിധീകരിക്കുന്ന മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അനുകൂലനിലപാടാണ് കമ്പനിക്കായി സ്വീകരിച്ചിരിക്കുന്നത്. കോടികളുടെ അഴിമതിയാണ് ഇതിനുപിന്നില്‍ നടന്നതെന്നും ശ്രീകണ്ഠന് ആരോപിച്ചു.
കഞ്ചിക്കോടാണ് കമ്പനി പ്രവര്‍ത്തനം ആരംഭിക്കുക എന്നതു തെറ്റായ പ്രചാരണമാണ്. 12 വര്‍ഷങ്ങള്‍ക്കുമുമ്പ് അടച്ചുപൂട്ടിയ എലപ്പുള്ളിയിലെ വിക്ടറി പേപ്പര്‍ മില്ലിന്റെ സ്ഥലമാണ് നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒയാസിസ് കമ്പനി വാങ്ങിയിരിക്കുന്നത്. 26 ഏക്കര്‍ സ്ഥലമാണ് ഇവരുടെ കൈവശം ഉള്ളതെന്നാണ് വിവരം.
അധികാരത്തിലേറിയാല്‍ മദ്യവ്യാപനം തടയുമെന്നു പറഞ്ഞ ഇടതുസര്‍ക്കാര്‍ കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലുകയാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 28 ബാറുകള്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് 836 ബാറുകളായി. ഇതിനുപുറമേ 284 ബെവ്കോ ഔട്ട്ലെറ്റുകളും 32 കണ്‍സ്യൂമര്‍ഫെഡ് വില്പനകേന്ദ്രങ്ങളുമുണ്ട്. പഞ്ചായത്തുകള്‍തോറും മദ്യവില്പനശാലകള് തുറക്കാനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്.
ഇപ്പോള്‍ ബ്രൂവറീസ് തുടങ്ങാനുദ്ദേശിക്കുന്ന ഇതേ പഞ്ചായത്തില്‍ നേരത്തേ ഒരു മദ്യനിര്‍മാണ കമ്പനിക്കു പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നു. പക്ഷേ, ജനങ്ങളുടെ എതിര്‍പ്പുകാരണം അതു തുടങ്ങാനായില്ല. അതേ അവസ്ഥയാണ് ഇപ്പോഴത്തെ കമ്പനിക്കുമുണ്ടാകുക. സംസ്ഥാനത്തു പുതിയ ഡിസ്റ്റിലറികള്‍ വേണ്ടെന്ന മുപ്പതുവര്‍ഷം മുന്‍പത്തെ സര്‍ക്കാര്‍ തീരുമാനം മാറ്റാന്‍ എന്തു കാരണമാണ് നിലവിലുള്ളതെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
ഡല്‍ഹി മദ്യഅഴിമതിയില്‍ പങ്കാളികളായ പ്രതിനിധികള്‍കൂടി ഉള്‍പ്പെട്ടതാണ് ഇപ്പോള്‍ പ്രവര്‍ത്തനാനുമതി ലഭിച്ച ഒയാസിസ് കമ്പനി. മറ്റു സംസ്ഥാനങ്ങളിലെ അഴിമതികളിലും കമ്പനി പ്രതിനിധികള്‍ക്കു പങ്കുണ്ട്. ഇതെല്ലാം അറിഞ്ഞാണോ എക്സൈസ് മന്ത്രി കമ്പനിയെ പുകഴ്ത്തിയതെന്നും എംപി ചോദിച്ചു.