ഗതാഗത തടസ സമ്മേളനങ്ങള്‍ തടയാന്‍ സ്ഥിരം സംവിധാനം വേണം: ഹൈക്കോടതി
Saturday, January 18, 2025 2:06 AM IST
കൊച്ചി: റോഡിലെ ഗതാഗതം തടസപ്പെടുത്തി സമ്മേളനങ്ങളും മറ്റും നടത്തുന്നത് തടയാന്‍ സ്ഥിരം സംവിധാനം വേണമെന്നു ഹൈക്കോടതി. കോടതിയലക്ഷ്യ നടപടി ഇതിന് ശാശ്വത പരിഹാരമല്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നും ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
തിരുവനന്തപുരം ബാലരാമപുരത്ത് റോഡ് കൈയേറി സ്റ്റേജ് കെട്ടി യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കി നടത്തിയ "ജ്വാല വനിതാ ജംഗ്ഷന്’ പരിപാടി പോലീസിന്റെ ഒത്താശയോടെയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ കുളത്തൂര്‍ ജയ്സിംഗ് നല്കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്.
പോലീസ് ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങളുടെയും ഇതുവരെയുള്ള നടപടികളുടെയും വിശദാംശം നല്‍കാനും കോടതി നിര്‍ദേശിച്ചു.
ബാലരാമപുരത്തെ വിഴിഞ്ഞം റോഡില്‍ ഗതാഗത തടസമുണ്ടാക്കി ഈ മാസം മൂന്നിന് തിരുവനന്തപുരം റൂറല്‍ പോലീസ് മേധാവിയായിരുന്ന കിരണ്‍ നാരായണന് ഉദ്ഘാടനം ചെയ്ത പരിപാടിക്ക് ബാലരാമപുരം എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിരുന്നെന്നും ഗുരുതര നിയമലംഘനമാണ് ഉണ്ടായതെന്നും ഹര്‍ജിയില്‍ പറയുന്നു.