കർഷകരെ നിരാശരാക്കിയ നയപ്രഖ്യാപനം
Saturday, January 18, 2025 2:06 AM IST
തോമസ് വർഗീസ്
തിരുവനന്തപുരം: സംസ്ഥാനത്തെ കർഷകർക്ക് കൈത്താങ്ങില്ലാത്ത നയപ്രഖ്യാപനം. കാർഷികമേഖലയെ സംരക്ഷിക്കുന്നതിനോ കർഷകരും സാധാരണ ജനങ്ങളും അഭിമുഖീകരിക്കുന്ന വന്യജീവി ആക്രമണം തടയുന്നതിനോ പുതിയ പദ്ധതികളൊന്നും ഇന്നലെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നടത്തിയ ഒരു മണിക്കൂർ 56.30 മിനിറ്റ് നീണ്ട നയപഖ്യാപന പ്രസംഗത്തിലുണ്ടായില്ല.
കേരളത്തിന്റെ കാർഷികമേഖല സംസ്ഥാനത്തെ 30 ലക്ഷത്തോളം കർഷകരെ സംരക്ഷിക്കുന്നതും സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ എട്ടു ശതമാനം സംഭാവന ചെയ്യുന്നതുമാണെന്നു പറഞ്ഞാണ് ഗവർണർ കാർഷിക മേഖലയെക്കുറിച്ചുള്ള പ്രസംഗം ആരംഭിച്ചത്.
എന്നാൽ, നിലവിൽ സംസ്ഥാനത്തെ നെൽകർഷകരും മലയോര മേഖലയിലെ കർഷകരും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനെക്കുറിച്ച് ഒരു പരാമർശം പോലും പ്രസംഗത്തിലുണ്ടായില്ല.
മുന്പുതന്നെ പ്രഖ്യാപിച്ച അഗ്രോ പാർക്കുകളെക്കുറിച്ചുള്ള പരാമർശം മാത്രമാണ് കാർഷിക മേഖലയെക്കുറിച്ചുള്ള നയപ്രഖ്യാപനത്തിലുള്ള സംഭവമായി ഇന്നലെയും ചൂണ്ടിക്കാട്ടിയത്.
നെൽക്കൃഷിക്ക് സഹായം നല്കുന്നതിനായി ഡിജിറ്റലായി ഇൻസെന്റീവുകളുടെ വിതരണം ആരംഭിക്കുമെന്നാണ് നെൽകർഷകരുമായി ബന്ധപ്പെട്ട് നയപ്രഖ്യാപന പ്രസംഗത്തിലെ ഏക പരാമർശം.
കൂടുതൽ തരിശുഭൂമികൾ കൃഷിക്കായി ലഭ്യമാക്കുന്നതിലേക്കായി ഒരു "ക്രോപ് കൾട്ടിവേറ്റേഴ്സ് കാർഡ് ’ കൂടി ആവിഷ്കരിക്കുമെന്ന് പറഞ്ഞ നയപ്രഖ്യാപനത്തിൽ സംസ്ഥാനത്തെ മലയോര ജനങ്ങൾ ഏറെ ഭീതിയോടെ കാണുന്ന വന്യജീവി ആക്രമണം തടയുന്നതിനായുള്ള പദ്ധതികളൊന്നും പരാമർശിക്കപ്പെട്ടില്ല.
നിലവിൽ രൂപീകരിച്ചിട്ടുള്ള റാപ്പിഡ് റെസ്പോണ്സ് ടീമുകളെക്കുറിച്ചും അറ്റകുറ്റപ്പണി നടത്തിയ സൗരോർജ വേലിയെക്കുറിച്ചുമാണ് മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിൽ മുഖ്യമായും ഗവർണർ പ്രസംഗിച്ചത്.
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി സംസ്ഥാനം നയം രൂപീകരിച്ചുകൊണ്ടിരിക്കയാണെന്നും അടുത്ത വർഷം അതു നടപ്പാക്കുന്നതോടെ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയുമെന്നുമാണ് നയപ്രഖ്യാപനം.
ഈ നടപടികളിൽ വന്യജീവികളുടെ ആവാസ വ്യവസ്ഥയെ സന്പുഷ്ടമാക്കാനും ലാൻഡ് സ്ലോപ് ലെവൽ പ്ലാനിംഗും ഉൾപ്പെടുന്നതായി ഗവർണറുടെ പ്രസംഗത്തിൽ പറയുന്നു.
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മലയോര ജില്ലയിൽ നിരവധി മനുഷ്യജീവനുകൾ നഷ്ടമാകുന്പോഴും മലയോര ജനതയ്ക്ക് കൈത്താങ്ങാകുന്ന കാര്യങ്ങളൊന്നും നയപ്രഖ്യാപനത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നാണ് പൊതുവേയുള്ള വിമർശനം.