ന്യൂനപക്ഷ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കാൻ ഫെലോഷിപ്പുകൾ ആരംഭിക്കും
Saturday, January 18, 2025 2:06 AM IST
തിരുവനന്തപുരം: ഡോക്ടറൽ ഗവേഷണം തുടരുന്ന ന്യൂനപക്ഷ വിദ്യാർഥികളുടെ വിദ്യാഭ്യാസ പ്രോത്സാഹനത്തിനായി ഫെലോഷിപ്പ് പദ്ധതി ഉൾപ്പെടെയുള്ള നൂതന പദ്ധതികൾ ആരംഭിക്കുമെന്നു ഗവർണറുടെ നയപ്രഖ്യാപനം.
കേരള സംസ്ഥാന ന്യൂനപക്ഷ വികസന ഫിനാൻസ് കോർപ്പറേഷൻ പ്രാദേശിക വിപുലീകരണത്തിനും തൊഴിലധിഷ്ഠിത പരിശീലന പരിപാടികൾക്കും വേണ്ടിയുള്ള പുതിയ പദ്ധതികളോടൊപ്പം സ്വയം തൊഴിലും വിദ്യാഭ്യാസ വായ്പകളും പോലുള്ള വിഭിന്നങ്ങളായ സാന്പത്തിക പദ്ധതികളിലൂടെ ഗുണഭോക്താക്കളെ ശക്തീകരിക്കുന്നു.
ക്ഷേമപരിപാടികളിലൂടെയും സമഗ്രവികസന സംരംഭങ്ങളിലൂടെയും ന്യൂനപക്ഷ സമുദായങ്ങളുടെ ഉന്നമനത്തിനായുള്ള പ്രതിബദ്ധതയിൽ സർക്കാർ നിലകൊള്ളുന്നതായും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നു.
ന്യൂനപക്ഷ വിഭാഗത്തിൽപെട്ട വിധവകൾ, വിവാഹമോചിതർ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കായുള്ള ഭവനപദ്ധതി, ഭവന നവീകരണം എന്നിവയിൽ ഗണ്യമായ പുരോഗതി കൈവരിച്ചതായും നയപ്രഖ്യാപനത്തിൽ പരാമർശമുണ്ട്.