അഞ്ചുവയസുകാരനെ വെട്ടിക്കൊന്ന പത്തൊന്പതുകാരനു ജീവപര്യന്തം
Saturday, January 18, 2025 2:06 AM IST
അയ്യന്തോൾ (തൃശൂർ): അഞ്ചുവയസുകാരനെ വെട്ടിക്കൊല്ലുകയും അമ്മയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത ആസാം സ്വദേശിയായ പത്തൊന്പതുകാരനു ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. പ്രതി ജമാൽ ഹുസൈനെയാണ് ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്.
2023 മാർച്ച് 30നു മുപ്ലിയത്തുള്ള ഐശ്വര്യ കോണ്ക്രീറ്റ് ബ്രിക്സ് കന്പനിയിലാണ് കേസിനാസ്പദമായ സംഭവം. കുഞ്ഞിന്റെ അമ്മ നജ്മ ഖാത്തൂണ്, അച്ഛൻ ബഹാരുൾ എന്നിവർ കന്പനിയിൽ താമസിച്ചാണു ജോലിചെയ്തിരുന്നത്. സംഭവത്തിന്റെ തലേദിവസമാണ് നജ്മയുടെ വല്യമ്മയുടെ മകനായ ജമാൽ ഹുസൈൻ എത്തിയത്.
നാട്ടിലെ സ്വത്തുതർക്കത്തിൽ നജ്മയോടും കുടുംബത്തോടും വൈരാഗ്യമുണ്ടായിരുന്നെങ്കിലും പുറത്തുകാട്ടിയില്ല. പിറ്റേന്നുരാവിലെ ഏഴിനു ബഹാരുളും മറ്റു പണിക്കാരും ജോലിക്കായി ഫാക്ടറിയിൽ കയറിയയുടൻ അടുക്കളയിലായിരുന്ന നജ്മയെ വെട്ടുകത്തിയുപയോഗിച്ചു തലയിലും കൈകളിലും വെട്ടിപ്പരിക്കേല്പിച്ചശേഷം തൊട്ടടുത്തു ഭക്ഷണം കഴിക്കുകയായിരുന്ന അഞ്ചുവയസുകാരൻ നജുറുൾ ഇസ്ലാമിന്റെ കഴുത്തിൽ വെട്ടുകയായിരുന്നു. കുഞ്ഞ് തത്ക്ഷണം മരിച്ചു. നജ്മയുടെ വിരലറ്റു. രണ്ടു കൈകളുടെയും എല്ലൊടിഞ്ഞു. തലയിൽ മാരകമായി പരിക്കേൽക്കുകയും ചെയ്തു.
ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ജോലിക്കാർ ചേർന്നു പിടികൂടി കെട്ടിയിട്ടു പോലീസിൽ ഏല്പിക്കുകയായിരുന്നു. വരന്തരപ്പിള്ളി പോലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു.
പ്രതിക്കു മാനസിക രോഗമുണ്ടെന്നും കേസിൽ പെടുത്തിയതാണെന്നും ആസാമിൽനിന്നും കേരളത്തിൽനിന്നും ഹാജരായ അഭിഭാഷകർ വാദിച്ചെങ്കിലും ശാസ്ത്രീയതെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞു.
ഹൈക്കോടതിയിലടക്കം പലവട്ടം ജാമ്യഹർജിയുമായി പോയെങ്കിലും നിഷേധിച്ചു. വിചാരണത്തടവുകാരനായിട്ടാണ് പ്രതി കോടതിനടപടികൾ പൂർത്തിയാക്കിയത്.