മദ്യനിർമാണശാല: അഴിമതിക്കാരുടെ കന്പനിക്ക് അനുമതിയെന്ന് സതീശൻ
Saturday, January 18, 2025 2:06 AM IST
തിരുവനന്തപുരം: ഡൽഹി മദ്യനയ അഴിമതിയിൽ അറസ്റ്റിലായ ആളുടെ കന്പനിക്കാണ് കേരളത്തിൽ മദ്യനിർമാണശാലയ്ക്കുള്ള അനുമതി സർക്കാർ നൽകിയതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
മധ്യപ്രദേശ് ആസ്ഥാനമായ ഒയാസിസ് എന്ന കന്പനിക്ക് മദ്യ നിർമാണത്തിന് അനുമതി നൽകിയുള്ള മന്ത്രിസഭ തീരുമാനത്തിനെതിരേ പ്രതിപക്ഷം കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു. നടപടിക്രമങ്ങൾ പാലിക്കാതെയാണ് മദ്യനിർമാണ പ്ലാന്റ് തുടങ്ങാൻ അനുമതി നൽകിയത്. കന്പനിയെ എങ്ങനെയാണ് തെരഞ്ഞെടുത്തതെന്നു വ്യക്തമല്ല. എന്തുകൊണ്ടാണ് ഈ കന്പനിക്ക് മാത്രം അനുമതി നൽകിയത്? ഇഷ്ടക്കാർക്ക് ദാനം ചെയ്യാൻ ഇതു രാജഭരണമല്ല, ജനാധിപത്യ ഭരണമാണ്.
മദ്യനയം മാറ്റി ആരും അറിയാതെ രഹസ്യമായാണ് ഒയാസിസ് കന്പനിക്ക് മദ്യനിർമാണത്തിന് അനുമതി നൽകിയത്. ഒയാസിസ് കന്പനി ഉടമ ഗൗതം മൽഹോത്ര ഡൽഹി മദ്യ വിവാദവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റിലായത്. ഈ കന്പനിയെയാണ് എക്സൈസ് മന്ത്രി പുകഴ്ത്തിയത്.
മാലിന്യം നിക്ഷേപിച്ച് നാല് കിലോമീറ്ററിൽ അധികം വരുന്ന സ്ഥലത്തെ ഉപരിതല ജലവും ഭൂഗർഭജലവും മലിനപ്പെടുത്തിയതിന് പഞ്ചാബിൽ ഇതേ കന്പനിക്കെതിരെ കേസുണ്ട്. ഈ വിഷയം പാർലമെന്റിൽ എത്തുകയും ഇതേത്തുടർന്ന് കേന്ദ്ര മലിനീകരണ ബോർഡും കേന്ദ്ര ഭൂഗർഭ ജല ബോർഡും പ്രദേശത്ത് സന്ദർശനം നടത്തി ഗുരുതര നിയമലംഘനം നടത്തിയതായി റിപ്പോർട്ട് നൽകുകയും ചെയ്തു. പഞ്ചാബ് മലിനീകരണ നിയന്ത്രണ ബോർഡ് കന്പനിക്കെതിരേ കേസ് നൽകി. ബോർവെല്ലിലൂടെ മാലിന്യം തള്ളിയാണ് ഇവർ ഭൂഗർഭജലം മലിനപ്പെടുത്തിയത്.
എന്തു കിട്ടിയെന്നു മാത്രം മന്ത്രി പറഞ്ഞാൽ മതി. പ്രവർത്തനാനുമതി നൽകിയതിലൂടെ എന്താണ് കന്പനിയിൽ നിന്നു വാങ്ങിയതെന്നു മാത്രമേ വെളിപ്പെടാനുള്ളൂ. കന്പനിക്ക് പ്രവർത്തനാനുമതി നൽകാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കണം.
ഭൂഗർഭ ജലം ഊറ്റിയതിനെ തുടർന്ന് പ്ലാച്ചിമടയിലെകൊക്കോക്കോള കന്പനിയെ സമരം ചെയ്താണ് ജനം പൂട്ടിച്ചത്. അതേ സ്ഥലത്താണ് ദശലക്ഷക്കണക്കിന് ലിറ്റർ ജലം വേണ്ട കന്പനിക്ക് അനുമതി നൽകിയത്. ഇതിനു പിന്നിൽ വൻ അഴിമതിയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.