വിശുദ്ധ ചാവറയച്ചന്റെ തിരുനാൾ 26 മുതൽ
Friday, December 20, 2024 12:48 AM IST
മാന്നാനം: വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെ തിരുനാൾ വിശുദ്ധന്റെ കബറിടം സ്ഥിതിചെയ്യുന്ന മാന്നാനം സെന്റ് ജോസഫ്സ് ആശ്രമ ദേവാലയത്തിൽ 26 മുതൽ ജനുവരി മൂന്നുവരെ നടക്കും.
26ന് രാവിലെ 11ന് കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട് കൊടിയേറ്റുന്നതോടെ ഒമ്പതു നാൾ നീണ്ടു നിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമാകും. ജനുവരി മൂന്നിനാണ് പ്രധാന തിരുനാൾ ആഘോഷങ്ങൾ.
തിരുനാളിന്റെ എല്ലാ ദിവസങ്ങളിലും വിവിധ രൂപത ബിഷപ്പുമാർ വിശുദ്ധ കുർബാന അർപ്പിക്കുമെന്ന് ആശ്രമം പ്രിയോർ റവ.ഡോ. കുര്യൻ ചാലങ്ങാടി സിഎംഐ പറഞ്ഞു. കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ടിനു പുറമെ ജനുവരി രണ്ടുവരെയുള്ള ദിവസങ്ങളിൽ തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ മാത്യൂസ് മാർ പോളികാർപ്പോസ്, ഭദ്രാവതി രൂപത മെത്രാൻ മാർ ജോസഫ് അരുമച്ചാടത്ത്, ഗോരഖ്പുർ രൂപതാ മെത്രാൻ മാർ മാത്യു നെല്ലിക്കുന്നേൽ, കോട്ടപ്പുറം രൂപതാ മെത്രാൻ ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, ഫരീദാബാദ് രൂപതാ സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ, കോതമംഗലം രൂപതാ മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ എന്നിവർ രാവിലെ 11ന് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും.
പ്രധാന തിരുനാൾ ദിനമായ മൂന്നിന് രാവിലെ 11ന് സിഎംഐ സഭയിലെ നവ വൈദികരും വൈകുന്നേരം അഞ്ചിന് പാലക്കാട് രൂപത മെത്രാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കലും വിശുദ്ധ കുർബാന അർപ്പിക്കും.