ആചാരാനുഷ്ഠാനങ്ങളുടെ അർഥം മാറ്റിയവൻ
Friday, December 20, 2024 2:16 AM IST
റവ. ഡോ. ദേവമിത്ര നീലങ്കാവില്
ദൈവപുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാരത്തിനായി ദൈവംതന്നെ വിവിധ ജനതകൾക്കിടയിൽനിന്നു തെരഞ്ഞെടുത്ത് ജനമാക്കി വേർതിരിച്ചത് ആ ജനത്തിലൂടെ ഭൂമുഖത്തെ സകല വംശങ്ങളും അനുഗ്രഹീതമാകാനാണ് (ഉത്പത്തി 12:3).
ഭൂമുഖത്തെ ജനതകൾക്കിടയിൽ ജനമായി വേർതിരിക്കപ്പെട്ട ഇസ്രയേലിന് നിയമങ്ങളും ചട്ടങ്ങളും ആചാരാനുഷ്ഠാനങ്ങളും പറഞ്ഞുകൊടുത്തതും അവരെ നയിച്ചതും യാഹ്വേ നേരിട്ടായിരുന്നു. കാലാകാലങ്ങളിൽ പൂർവപിതാക്കന്മാരിലൂടെയും മോശയെപ്പോലുള്ള നേതാക്കളിലൂടെയും ദാവീദിനെപ്പോലുള്ള രാജാക്കന്മാരിലൂടെയും ഏലിയായെപോലുള്ള പ്രവാചകരിലൂടെയും ദൈവം ഇസ്രയേൽ ജനത്തോടു സംസാരിച്ചു, അവരെ നയിച്ചു.
തന്റെ ജനമായ ഇസ്രയേലിനെ വിശുദ്ധീകരിക്കാൻ ദൈവം ലേവി ഗോത്രത്തെയും പ്രത്യേകമായി അഹറോന്റെ കുടുംബത്തെയും തെരഞ്ഞെടുത്തുയർത്തി. കല്പനകളുടെ അനുസരണവും ആചാരാനുഷ്ഠാനങ്ങളും ബലികളും കാഴ്ചകളുംവഴി അവർ നീതീകരിക്കപ്പെടുകയും വിശുദ്ധീകരിക്കപ്പെടുകയും ചെയ്യുമെന്ന് ഇസ്രയേൽ ജനം കരുതിയിരുന്നു. എന്നാൽ, ബൈബിളിലെ പുതിയ നിയമത്തിൽ നാം ഇപ്രകാരം വായിക്കുന്നു, “പഴയനിയമം വരാനിരിക്കുന്ന നന്മകളുടെ നിഴൽ മാത്രമാണ്, അവയുടെ തനിരൂപമല്ല’’ (ഹെബ്രായർ 10:1) എന്നാണ്.
പഴയനിയമ അനുഷ്ഠാനങ്ങൾ വരാനിരുന്നതിന്റെ ഒരുക്കമായിരുന്നു. പഴയനിയമപ്രകാരം മിക്ക വസ്തുക്കളും രക്തത്താലാണു ശുദ്ധീകരിക്കപ്പെടുന്നത്. രക്തം ചിന്താതെ പാപമോചനമില്ല. എന്നതിനാൽ സമയത്തിന്റെ പൂർണതയിൽ ദൈവപുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാരത്തിലൂടെ പഴയനിയമ ബലികളെ പൂർത്തീകരിക്കാനുള്ളവൻ ഭൂജാതനായി.
ഈശോമിശിഹായുടെ രക്തത്തിലൂടെ സ്ഥാപിതമായ പുതിയനിയമവും ഉടന്പടിയും അനുസരിച്ച് ആചാരാനുഷ്ഠാനങ്ങളുടെ അർഥവും രീതിയും മാറ്റപ്പെട്ടു. രക്തം ചിന്തിക്കൊണ്ടുള്ള ബലി, മൃഗബലി തുടങ്ങിയ ബലികളും അനുഷ്ഠാനങ്ങളും നിർത്തലാക്കപ്പെട്ടു. രക്തം ചിന്തിക്കൊണ്ട് താൻ അർപ്പിച്ച ബലി ഒരിക്കലും രക്തം ചിന്തിക്കൊണ്ട് ആവർത്തിക്കാൻ ഈശോ ആഗ്രഹിച്ചില്ല. അതിന്റെ അനുസ്മരണത്തിനും ആഘോഷത്തിനുമായി അടയാളങ്ങളും പ്രതീകങ്ങളും ഉപയോഗിച്ചുള്ള അനുഷ്ഠാനരീതി ഈശോ സ്ഥാപിച്ചു.
തന്റെ മുറിക്കപ്പെടാനിരുന്ന ശരീരത്തെ അപ്പത്തിന്റെ രൂപത്തിലും ചിന്തപ്പെടാനിരുന്ന രക്തത്തെ പാനീയത്തിന്റെ രൂപത്തിലും ഈശോ പകർന്നുനൽകി. തന്റെ മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും നേടിയെടുത്ത രക്ഷാകരമായ കൃപ എക്കാലത്തുമുള്ള മനുഷ്യർ സ്വന്തമാക്കാൻ അദൃശ്യമായ ദൈവകൃപ പ്രദാനം ചെയ്യുന്ന ദൃശ്യ അടയാളങ്ങളായ കൂദാശകൾ ഈശോ സ്ഥാപിച്ചു.
അടയാളങ്ങളും പ്രതീകങ്ങളും വായനകളും ഗീതങ്ങളും പ്രാർഥനകളുംവഴിയാണ് ഇന്നലെ നടന്ന രക്ഷാകര സംഭവത്തെ ഇന്ന് വിശ്വാസികൾ നന്ദിപൂർവം ഓർക്കുന്നതും അതിലടങ്ങിയിരിക്കുന്ന രക്ഷാകരമായ കൃപ ഇന്ന് സ്വന്തമാക്കുന്നതും. ഇത് മന്ത്രമോ തന്ത്രമോ മാജിക്ക് ഫോർമുലകളോ അല്ല. അവ അനുഷ്ഠിച്ചതുകൊണ്ടോ അവയിൽ പങ്കെടുത്തതുകൊണ്ടോ മാത്രം ആരും രക്ഷ പ്രാപിക്കുന്നുമില്ല.
വിശ്വാസത്തിൽനിന്ന് ഉളവാകുന്ന അനുതാപവും പാപത്തോട് മരിച്ച പുതിയ സൃഷ്ടി ആകാനുള്ള ആഗ്രഹവും തീരുമാനവുമടങ്ങുന്ന മാനസാന്തരം കൂദാശകളുടെ സ്വീകരണത്തിന് അനിവാര്യമാണ്. ഈശോമിശിഹായുടെ മനുഷ്യാവതാരത്തിന്റെ ഫലങ്ങൾ മനുഷ്യർ ഇന്നു സ്വന്തമാക്കുന്ന ഈ കൗദാശിക മാധ്യമങ്ങൾ അർഥപൂർണമായി ഉപയോഗപ്പെടുത്താൻ ഈ ക്രിസ്മസ് സഹായിക്കട്ടെ.