അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ടു; മകന് കസ്റ്റഡിയിൽ
Friday, December 20, 2024 12:48 AM IST
കൊച്ചി: എറണാകുളം വെണ്ണലയില്‍ അമ്മയുടെ മൃതദേഹം ആരുമറിയാതെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട മകന് പോലീസ് കസ്റ്റഡിയിൽ. വെണ്ണല സ്വദേശിനി അല്ലി (78)യാണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന് പ്രദീപിനെ പാലാരിവട്ടം പോലീസ് കസ്റ്റഡിയിലെടുത്തു. പ്രദീപിന്റെ സഹോദരി പ്രീതിയുടെ പരാതിയിലാണു നടപടി.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷമാകും പ്രദീപിന്റെ അറസ്റ്റ് രേഖപ്പെടുത്തുക. നിലവില്‍ ഇയാള്‍ക്കെതിരേ മൃതദേഹത്തോട് അനാദരവ്, ബന്ധുക്കള്‍ അറിയാതെ മൃതദേഹം സംസ്കരിച്ചു എന്നീ കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്. ഇന്നലെ പുലര്‍ച്ചെയാണു മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. പ്രമേഹരോഗിയായിരുന്നു അല്ലി. ഇന്നലെ പുലര്‍ച്ചെ നാലോടെ പ്രദീപ് സമീപത്തെ വീടുകളിലെത്തി അമ്മ മരിച്ചുവെന്നും സംസ്കരിക്കാന്‍ സഹായിക്കണമെന്നും അഭ്യര്‍ഥിച്ചു. എന്നാല്‍ ഇയാള്‍ സ്ഥിരം മദ്യപാനിയായതുകൊണ്ട് ആരും വിശ്വസിച്ചില്ല. പിന്നീട് നാട്ടുകാരില്‍ ചിലര്‍ പ്രദീപ് വീടിനു സമീപം കുഴിയെടുക്കുന്നതു കണ്ട് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയാണ് അല്ലിയുടെ മൃതദേഹം പുറത്തെടുത്തത്. പോലീസ് എത്തുന്ന സമയത്തും ഇയാള്‍ മദ്യലഹരിയിലായിരുന്നു.
അല്ലിയും പ്രദീപും ഇയാളുടെ ഇളയ മകനുമാണ് ഇവിടെ താമസിക്കുന്നത്. പ്രദീപ് ഭാര്യയുമായി പിരിഞ്ഞുകഴിയുകയാണ്. ബുധനാഴ്ച പ്രദീപ് മരുന്ന് വാങ്ങാനായി അമ്മയുമായി പുറത്തുപോയിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.
അന്നു രാത്രിയിലും മദ്യലഹരിയിലായിരുന്നു. ഇളയ മകന് സുഹൃത്തിനൊപ്പം പോയതിനാല്‍ അന്നു രാത്രി വീട്ടില്‍ അല്ലിയും പ്രദീപും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബുധനാഴ്ചയും വീട്ടില്‍നിന്നു ബഹളം കേട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
പ്രദീപിന് രണ്ടു ടയര്‍ കടകളുണ്ട്. എല്ലാദിവസവും കട തുറക്കാറില്ലെന്നും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കട അടഞ്ഞുകിടക്കുകയാണെന്നും പ്രദേശവാസികള്‍ പറയുന്നു. മൃതദേഹം കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ബന്ധുകള്‍ക്ക് വിട്ടുനല്‍കി. പാലാരിവട്ടം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.